ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം: സര്‍ക്കാര്‍ നിസഹകരണത്തെക്കുറിച്ചു
രാഹുല്‍ഗാന്ധിയോടു ചോദിക്കണമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ: വയനാട്ടില്‍ ആസ്പിരേഷണല്‍ ഡിഡ്ട്രിക്ട് പ്രോഗ്രാമില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിസഹകരിക്കുന്നുണ്ടോയെന്നു രാഹുല്‍ഗാന്ധി എം.പിയോടു ചോദിക്കണമെന്നു കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനു എത്തിയ അവര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. പ്രോഗ്രാമില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധം സഹകരിക്കുന്നില്ലെന്നു കരുതുന്നുണ്ടോയെന്നു ചോദിച്ചപ്പോഴായിരുന്നു അക്കാര്യം വയനാട് എം.പിയോടു തിരക്കണമെന്ന പ്രതികരണം.
പിന്നാക്ക ജില്ലകളെ വികസിത ജില്ലകളുടെ നിലവാരത്തിലേക്കു ഘട്ടങ്ങളായി ഉയര്‍ത്തുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം. സംസ്ഥാനത്തു പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയ ഏക ജില്ലയാണ് വയനാട്. ജില്ലയെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ല.
ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി ജില്ലയുടെ അവികസിതാവസ്ഥയ്ക്കു പരിഹാരം കാണുകയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ലക്ഷ്യമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് പ്രോഗ്രമില്‍ ഉള്‍പ്പെടുത്തിപ്പോള്‍ ജില്ല നേരിട്ടിരുന്ന വെല്ലുവിളികളില്‍ പലതും ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രോഗ്രാം റാങ്കിംഗില്‍ വയനാട് വളരെ പിന്നിലാണ്. റാങ്ക് ഉയര്‍ത്തുന്നതിനു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം.
ജില്ലയിലെ പട്ടികവര്‍ഗ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. പ്രോഗ്രാം അവലോകനത്തിനുശേഷം രണ്ടു പട്ടികവര്‍ഗ ഊരുകള്‍ സന്ദര്‍ശിച്ചു. ഭൂമി, വാസയോഗ്യമായ വീട്, വൈദ്യുതി, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോളനികളില്‍ നിലനില്‍ക്കുകയാണ്. ജിവിതാവസ്ഥയുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണ് ആദിവാസികള്‍ പറഞ്ഞത്.
പട്ടികവര്‍ഗ ജനതയുടെ ഉന്നമനത്തിനു ഉതുകുന്ന പദ്ധതികളില്‍ ജില്ലാ ഭരണകൂടം മതിയായ ശ്രദ്ധ ചെലുത്തണം. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതിയും നൈുപുണ്യ വികസനവും ഉറപ്പുവരുത്തണം. ആരോഗ്യമേഖലയില്‍ അരിവാള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കര്‍ഷകര്‍, തെരുവുകച്ചവടക്കാര്‍ എന്നിവര്‍ക്കു സഹായകമാകുന്ന പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കണം. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുന്നതിനു നടപടികള്‍ പുരോഗതിയിലാണെന്നാണ് അവലോകന യോഗത്തില്‍ കലക്ടര്‍ അറിയിച്ചത്.
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലേക്കു ക്ഷണിച്ചില്ലെന്ന ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്കാര്യത്തില്‍ ജില്ലാ കലക്ടറാണ് മറുപടി പറയേണ്ടതെന്നു അമേഠി എം.പിയുമായ സ്മൃതി ഇറാനി പറഞ്ഞു. വയനാടിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ചോദ്യത്തിനു ജില്ല സുന്ദരമാണെന്നും ഇക്കാര്യം അമേഠിയിലെ ജനങ്ങളെ അറിയിക്കുമെന്നും അവര്‍ പ്രതികരിച്ചു. താന്‍ രാഹുല്‍ഗാന്ധിയെപോലെ അല്ലെന്നും അമേഠിയില്‍നിന്നു ഒളിച്ചോടില്ലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കലക്ടര്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നു പറഞ്ഞായിരുന്നു കേന്ദ്രമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു തുടക്കം. അടിയന്തരമായി മറ്റൊരു വിഷയത്തില്‍ ഇടപെടേണ്ടിവന്നതിനാലാണ് വാര്‍ത്താസമ്മേളത്തില്‍ കേന്ദ്ര മന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നു കലക്ടര്‍ പിന്നീട് പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles