അവധിക്കാലം ആഘോഷമാക്കി ആരാമം

മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ആരാമം അവധിക്കാല ക്യാമ്പ് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ : വേനലവധിയുടെ തുറന്ന പാഠശാലയില്‍ കളിമണ്ണില്‍ ശില്‍hങ്ങള്‍ മെനഞ്ഞും പാട്ടുപാടിയും പാഴ്‌വസ്തുക്കളില്‍ പൂക്കള്‍ മെനഞ്ഞും കുട്ടികളുടെ കൂട്ടായ്മകള്‍. കോവിഡിന്റെ ദീര്‍ഘകാലമായുള്ള അടച്ചിടല്‍ കാലത്തെയും മറികടന്ന് ആദ്യമായെത്തിയ വേനലവധിക്കാലത്തെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സമഗ്ര ശിക്ഷ കേരള സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ആരാമം ഏകദിന ക്യാമ്പാണ് കുട്ടികളുടെ സര്‍ശേഷിയില്‍ സമ്പന്നമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പതിനെട്ടോളം സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് കബനിക്കരയിലെ പഴശ്ശി ഉദ്യാനത്തില്‍ ഒരു പകല്‍ കുട്ടികള്‍ക്ക് അവധിക്കാലത്തും ആവേശം പകരാനെത്തിയത്. ഒരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഉദ്യാനത്തിന്റെ പലകോണുകളിലായി കുട്ടികള്‍ ആരാമത്തെ സര്‍ഗാത്മകമാക്കി. ചിത്രരചന, സംഗീതം, ക്രാഫ്ട്, ക്ലേ മോഡലിംഗ് തുടങ്ങിയ കലാ പ്രവര്‍ത്തനങ്ങളിലാണ് കുട്ടികള്‍ മാറ്റുരച്ചത്. ഇവര്‍ക്കെല്ലാം വഴികാട്ടിയും നിര്‍ദേശങ്ങള്‍ നല്‍കിയും അധ്യാപകരും സമ്മര്‍ ക്യാമ്പിന്റെ മുന്നില്‍ പ്രവര്‍ത്തിച്ചു. പാളകൊണ്ടുണ്ടാക്കിയ പൂക്കള്‍, വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നുണ്ടാക്കിയ കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ക്യാമ്പിനെ വേറിട്ടതാക്കി. കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെയും കളിമണ്‍ മാതൃകകളുടെയും പ്രദര്‍ശനവും നടന്നു. അവധിക്കാലത്ത് പഴശ്ശി ഉദ്യാനത്തിലെത്തിയ സഞ്ചാരികള്‍ക്കും ആരാമം വേറിട്ട കാഴ്ചയായി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി ആരാമം സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.

Social profiles