വയനാട്ടില്‍ കറപ്പക്കായ വിളവെടുപ്പ് കാലം

കോട്ടത്തറ പുഴക്കം വയലിലെ കറപ്പക്കായ വിളവെടുപ്പില്‍ നിന്ന്

കല്‍പറ്റ: ഔഷധ മൂല്യത്തിനൊപ്പം വാണിജ്യസാധ്യതയുമുള്ള കറപ്പക്കായ(ഇലമംഗം) വിളവെടുപ്പ് വയനാട്ടില്‍ തുടങ്ങി. വഴന, വെള്ളക്കൊടല, കുപ്പമരം, പട്ട, കറുവ, വയന, ശാന്തമരം, മധുരക്കാഞ്ഞിരം എന്നെല്ലാം പേരുകളുള്ള ഈ മരത്തിന്റെ ശാസ്ത്രീയനാമം (Cinnamomum malabatrum) എന്നാണ്. വാനില മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്ന ഒരു കൃഷിയാണ് കറപ്പക്കായ കൃഷി. ഇപ്പോള്‍ വിപണിയില്‍ 800 മുതല്‍ 950 വരെയാണ് ഒരു കിലോ കറപ്പക്കായയുടെ വില. ഓഫ് സീസണില്‍ 2500 രൂപ വരെ വില ലഭിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ശരാശരി 3 അടി വണ്ണമുള്ള ഒരു മരത്തില്‍ നിന്നും 5 കിലോ മുതല്‍ 8 കിലോഗ്രാം വരെ ഉണക്കകായ ലഭിക്കും. പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 15 മീറ്റര്‍ വരെ ഉയരം വയ്ക്കും.
കറപ്പ മരത്തിന്റെ തൊലിയും കറവപ്പട്ടയെന്ന പേരില്‍ നല്ല വാണിജ്യസാധ്യതയുള്ളതാണ്. ഒപ്പം കറപ്പ ഇലയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം പലയിടത്തും കര്‍ഷകര്‍ താല്‍ക്കാലിക ആവശ്യത്തിന് ഇതിന്റെ തൊലി അശാസ്ത്രീയമായി ചെത്തി നിസ്സാരവിലക്ക് വില്‍ക്കുന്നത് കൊണ്ട് മരം ഉണങ്ങി പോവാറാണ് പതിവ്. കേരള ഫോറസ്റ്റ് ആക്റ്റ് പ്രകാരം പ്രത്യേക സംരക്ഷണ ഇനത്തില്‍പ്പെട്ട മരമായിട്ട് കൂടി കാര്യമായ സംരക്ഷണം ഈ മരത്തിന് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഈ മരത്തിന്റെ തടിക്കും ഇലക്കും കായ്ക്കും ഒരു പാട് ഔഷധഗുണങ്ങളുണ്ട്. വൃക്ഷത്തിന് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നും കേരളത്തില്‍ നിന്നും പ്രത്യേകിച്ച് വയനാട്ടില്‍ നിന്നും അന്യം നിന്ന് പോകാന്‍ സാധ്യതയുള്ള ഈ നിത്യ ഹരിത വൃക്ഷം സംരക്ഷിക്കാന്‍ കര്‍ഷകരുടെയും വനം വകുപ്പിന്റെയും കൂട്ടായ ശ്രമമുണ്ടാവണമെന്നും കോട്ടത്തറയിലെ കര്‍ഷകനായ പി.സി അബ്ദുല്ല പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles