പദ്മപ്രഭയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചത് ജന്‍മപുണ്യം-ശ്രീകുമാരന്‍ തമ്പി

പദ്മപ്രഭ പുരസ്‌കാരം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ശ്രീകുമാരന്‍ തമ്പിക്ക് കഥാകൃത്ത് ടി.പ്ദമനാഭന്‍ സമ്മാനിക്കുന്നു.

കല്‍പറ്റ: ആധുനിക വയനാടിന്റെ ശില്‍പികളിലൊരാളായ എം.കെ.പദ്മപ്രഭ ഗൗഡരുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിനെ ജന്‍മപുണ്യമായാണ് കാണുന്നതെന്നു കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ കഥാകൃത്ത് ടി.പദ്മനാഭനില്‍നിന്നു 75,000 രൂപയും പദ്മരാഗക്കല്ലു പതിച്ച ഫലകവും അടങ്ങുന്ന പ്ദമപ്രഭ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാന്ധ്യതാരകമേ മറക്കുമോ നീ ശാന്ത സുന്ദരമീ നിമിഷം’ എന്ന സ്വന്തം വരികള്‍ പോലെ ഒരിക്കലും മറക്കാനാകാത്ത സന്ധ്യയും നിമിഷങ്ങളുമാണ് തനിക്കിതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പദ്മപ്രഭ ഗൗഡരുടെ പേരിലുള്ള പുര്‌സകാരമാണിതെന്നതാണ് ആദ്യത്തെ പ്രത്യേകത. ആലപ്പുഴയില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ ഐ.എസ്.ഒ.യുടെ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പദ്മപ്രഭ ഗൗഡരെ ആദ്യം കണ്ടത്. സംഘടനാപ്രവര്‍ത്തനത്തിന് പണം സമാഹരിക്കാനാണ് കുട്ടികളായ തങ്ങള്‍ മൂന്നുപേര്‍ ഏറെ കഷ്ടപ്പെട്ട് കല്‍പറ്റയിലെത്തിയത്. അദ്ദേഹം അമ്പതു രൂപ തരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നൂറു രൂപ തന്നു.
താന്‍ പാട്ടെഴുത്തുകാരന്‍ മാത്രമല്ല. കവിയും നോവലിസ്റ്റുമാണ്. ഗാനങ്ങളുടെ പ്രചാരത്തില്‍ കവിതകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. അത് നല്ല കവിയല്ലാത്തതുകൊണ്ടല്ല, മറിച്ച് സംഗീതത്തിന്റെ മേന്‍മ കൊണ്ടാണ്. സംഗീതത്തെ ജയിക്കാന്‍ ഒരു കലയ്ക്കുമാകില്ല. പ്രപഞ്ചം ഉണ്ടായതുതന്നെ നാദത്തിലാണ്. താന്‍ ഒരു പുരസ്‌കാരവും ചോദിച്ചുവാങ്ങിയിട്ടില്ല. പ്രവര്‍ത്തിക്കുക മാത്രം ചെയ്തു. പ്രവര്‍ത്തിക്കുക അച്ചടക്കം പാലിക്കുക എന്നാണ് അമ്മ പഠിപ്പിച്ചത്. 56 വര്‍ഷമായി മലയാള സിനിമയിലുണ്ടായിട്ടും താനിതുവരെ മദ്യപിച്ചിട്ടില്ല. പുകവലിച്ചിട്ടില്ല. അങ്ങനെയും നില്‍ക്കാമെന്നതിന്റെ തെളിവാണ് താന്‍. അചഞ്ചലനായി ഞാനെന്റെ ജോലി തുടരുകയാണ്. ഈ പ്രായത്തിലും മൂന്നു പംക്തികളെഴുതുന്നുണ്ട്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാലം എന്നെ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ധാരാളം തമസ്‌കരണങ്ങളുമുണ്ടായിട്ടും തളരാതെ അതെല്ലാം സധൈര്യം നേരിട്ട പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പിയെന്ന് ടി.പദ്മനാഭന്‍ പറഞ്ഞു. മലയാളത്തില്‍ നല്ല കവികള്‍ നല്ല ഗാനരചയിതാക്കളായ ചരിത്രമില്ല. അങ്ങനെയായവരില്‍ മുന്‍പന്തിയിലാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തെ ബഹുമുഖപ്രതിഭയെന്നു വിളിക്കാന്‍ വിഷമിക്കേണ്ടതില്ല. തൊട്ടതെല്ലാം പൊന്നിലപ്പുറമാക്കിയ മഹാപ്രതിഭയാണദ്ദേഹമെന്നും പദ്മനാഭന്‍ പറഞ്ഞു.
മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടര്‍ എം.കെ.ജിനചന്ദ്രന്‍ ശ്രീകുമാരന്‍ തമ്പിയെ പൊന്നാട അണിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭ സ്മാരക പ്രഭാഷണം നടത്തി.
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, രവിമേനോന്‍, സുഭാഷ് ചന്ദ്രന്‍, ജയരാജ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസാരിച്ചു. പി.എ.ജലീല്‍ സ്വാഗതവും പി.ജി.ലത നന്ദിയും പറഞ്ഞു. ജയരാജ് വാര്യര്, രാജലക്ഷ്മി, എടപ്പാള്‍ വിശ്വന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പദ്മരാഗം സംഗീതസന്ധ്യ അരങ്ങേറി.

0Shares

Leave a Reply

Your email address will not be published.

Social profiles