ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങി

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റിലെ അര്‍ബുദ ബാധയെത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങള്‍ സംസ്ഥാനത്തെ നിരവധി മഹല്ലുകളില്‍ ഖാദിയാണ്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസലാം അറബിക് കോളേജ് എന്നിവയുടെ അധ്യക്ഷ പദവിയും വഹിച്ചുവരികയായിരുന്നു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും ആണ്‍മക്കളില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് തങ്ങളുടെ ജനനം.
1973ല്‍ രൂപീകകരിച്ച സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായത് ഹൈദരലി തങ്ങളാണ്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് ഹൈദരാലി തങ്ങള്‍ രാഷ്ട്രീയ, മത രംഗങ്ങളില്‍ കൂടുതല്‍ സജീവമായത്.
2008ല്‍ സമസ്ത മുശാവറ അംഗമായ തങ്ങളെ 2010 ഒക്ടോബറില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായി. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നയീമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുയീനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published.

Social profiles