പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തല്‍
പ്രാദേശിക സര്‍ക്കാരുകളുടെ യഥാര്‍ഥ ജോലി-മന്ത്രി എം.വി.ഗോവിന്ദന്‍
*ഫയല്‍ നീക്കത്തില്‍ തട്ടുകള്‍ കുറയ്ക്കും

നവകേരള തദ്ദേശകം-2022 പര്യടനത്തിന്റെ ഭാഗമായി വയനാട്ടിലെ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി മാനന്തവാടിയില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ സംവദിക്കുന്നു.

മാനന്തവാടി-പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തലാണ് പ്രാദേശിക സര്‍ക്കാരുകളുടെ യഥാര്‍ഥ ജോലിയെന്നു തദ്ദേശ ഭരണ-എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. നവകേരള തദ്ദേശകം-2022 പര്യടനത്തിന്റെ ഭാഗമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി സംവദിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ടവര്‍ക്കു മെച്ചപ്പെട്ട സേവനവും സഹായങ്ങളും ഉറപ്പാക്കേണ്ട ബാധ്യത ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. ഓരോ നിമിഷവും നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരണത്തിന്റെ ഭാഗമായാണ് അഞ്ച് വകുപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന തദ്ദേശ ഭരണ വകുപ്പിനെ ഏകീകരിച്ചത്. ജനസേവനം എളുപ്പത്തില്‍ നല്‍കുന്നതിന് ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ക്വറിയിട്ട് താഴേക്കും മേലേക്കും ഫയല്‍ തട്ടിക്കളിക്കാന്‍ അനുവദിക്കില്ല. അപാകതകള്‍ അപേക്ഷകനെ കണ്ട് തിരുത്തല്‍ വരുത്തി അതിവേഗം സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകേണ്ടിവരും. ഇതിന് വിരുദ്ധമായി ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യേഗസ്ഥര്‍ വിവരം അറിയും.
ഫലപ്രദമായി ജനങ്ങളെ സേവിക്കുന്നതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. സാധാരണക്കാരോടും പാവപ്പെട്ടവരോടുമാണ് സര്‍ക്കാരിന്റെ ബാധ്യതയും പ്രതിബദ്ധതയും. പാവപ്പെട്ടര്‍ക്ക് വീട്, വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാര്‍ഥ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. അതിദരിദ്രരായി കണ്ടെത്തിയവരെ എല്ലാ അര്‍ത്ഥത്തിലും പരമാവധി സേവനം നല്‍കി പൊതുധാരയുടെ ഭാഗമാക്കണം. വാതില്‍പ്പടി സേവന പദ്ധതിയിലൂടെ ഏത് സേവനവും സന്നദ്ധ സംവിധാനം വഴി എത്തിക്കണം. ഭൂരഹിതരും ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിക്കുന്നതിനു മനസ്സോടിത്തിരി മണ്ണ് കാമ്പയിന്‍ വഴി സുമനസ്സുകളില്‍നിന്നു ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എ.ഗീത, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ.നസീമ, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, അഡീഷണല്‍ സെക്രട്ടറി എം.എസ്.ബിജുക്കുട്ടന്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡി.ചീഫ് എന്‍ജിനീയര്‍ കെ.ജോണ്‍സണ്‍, ചീഫ് ടൗണ്‍ പ്ലാനര്‍ സി.പി.പ്രമോദ്കുമാര്‍, അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) വി.എസ്.സന്തോഷ്‌കുമാര്‍, എല്‍. എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജോസ്‌ന മോള്‍, ഏകീകൃത തദ്ദേശ വകുപ്പ് ജില്ലാ മേധാവി പി.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles