അലക്ഷ്യ ഡ്രൈവിംഗില്‍ അപകടം: വനം ഉദ്യോഗസ്ഥന്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കല്‍പറ്റ: ഫോറസ്റ്റ് ഓഫീസറുടെ അലക്ഷ്യമായ ഡ്രൈവിംഗ് കാരണമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യവനപാലകന്‌ ഉത്തരവ് നല്‍കി. കുറ്റക്കാരായ വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് മുഖ്യവനപാലകന്‌ നിര്‍ദ്ദേശം നല്‍കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനകം വയനാട് ഡി എഫ് ഒ കമ്മീഷനില്‍ സമര്‍പ്പിക്കണം. 2009 ഓഗസ്റ്റ് 10ന് ബേഗൂര്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ ഓടിച്ച ജീപ്പ് മറിഞ്ഞ് 2 പട്ടിക വര്‍ഗ്ഗക്കാര്‍ മരിച്ച സംഭവത്തിലാണ് ഉത്തരവ്. പരാതിക്കാരനായ തിരുനെല്ലി കാട്ടിക്കുളം സ്വദേശി മുകുന്ദന്‍ സൂഷ്മ്‌നക്ക് ക്ഷതമേറ്റ് ശരീരം തളര്‍ന്ന് 12 വര്‍ഷമായി കിടപ്പിലാണ്. മുകുന്ദന് നഷ്ടപരിഹാരവും ലഭിച്ചില്ല. ബേഗൂര്‍ റേഞ്ച് ഓഫീസര്‍ എസ് സജ്‌ന വിളിച്ച വനം വകുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ വിനോദ് കുമാറിന്റെ ജീപ്പില്‍ പോയപ്പോഴായിരുന്നു അപകടം. വിനോദ് കുമാറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. മാനന്തവാടി പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരന് വികലാംഗ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ചികിത്സാ സൗകര്യത്തിന് വാഹനം ഏര്‍പ്പെടുത്തി നല്‍കാറുണ്ട്. ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് വീല്‍ ചെയര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന് നഷ്ട പരിഹാരമോ ഇന്‍ഷ്വറന്‍സോ ലഭ്യമാക്കിയിട്ടില്ല. വനം മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപ അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

0Shares

Leave a Reply

Your email address will not be published.

Social profiles