പങ്കാളിത്ത പെന്‍ഷന്‍: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടും പുനഃപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാതെ സര്‍ക്കാര്‍

കല്‍പറ്റ-പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട് കേരള അഡ്്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഹാജരാക്കിയില്ല. ഒരു മാസം മുമ്പാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ട്രിബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി 2021 ഏപ്രിലിലാണ് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടുകയോ ശുപാര്‍ശകളില്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കള്‍ വിവരാവകാശ നിയമപ്രകാരവും നിയമസഭ വഴിയും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചോദിച്ചെങ്കിലും സര്‍ക്കാര്‍ ലഭ്യമാക്കിയില്ല. റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് ട്രിബ്യൂണലില്‍ എത്തുന്ന കേസുകളില്‍ എല്ലാം പുനഃപരിശോധന സമിതിയെ നിയമിച്ചിട്ടുണ്ടെന്ന സ്ഥിരം സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതിനെതിരെ നാന്നൂറോളം കേസുകളാണ് ട്രിബ്യൂണലില്‍ എത്തിയതെന്നാണ് വിവരാവകാശ നിയമപ്രകാരം സ്റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള സംസ്ഥാന കമ്മിറ്റിക്കു ലഭിച്ച രേഖ വ്യക്തമാക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനം വൈകുന്നതില്‍ ഇടത്-വലത് സര്‍വീസ് സംഘടനകളിലെ അംഗങ്ങള്‍ക്കിടയിലും അതൃപ്തി ഉടലെടുത്തിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്തു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതു സര്‍വീസ് സംഘടനകള്‍ ശക്തമായ സമരം നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഇടതു സര്‍വീസ് സംഘടനകള്‍ സമരാവേശം കാട്ടുന്നതേയില്ല. അതേസമയം പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനു നേതൃത്വം നല്‍കുന്നതു ഇടതുപക്ഷമാണ്.
രാജസ്ഥാനില്‍ ഒരു വര്‍ഷത്തിനകം മുഴുവന്‍ പങ്കാളിത്ത പെന്‍ഷന്‍കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷനില്‍ ഉള്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ജാര്‍ഖണ്ഡും. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇക്കാര്യം ഉറപ്പു നല്‍കിയിട്ടുണ്ട്. കേരളവും ഇതേ പാത പിന്തുടരണമെന്നാവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്‍.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള.

Leave a Reply

Your email address will not be published.

Social profiles