അബ്ദുള്‍ ബിന്‍ വഹാബ് ഹബീബ് സഹായിച്ചു;
ആനന്ദ് ദയാല്‍ ബാബുവും സുഹൃത്തുക്കളും നാട്ടിലെത്തി

ഖാര്‍കിവിലെ ബങ്കറില്‍നിന്നുള്ള ദൃശ്യം.

കല്‍പറ്റ-ഉക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിയ മീനങ്ങാടി കൃഷ്ണഗിരി റാട്ടക്കുണ്ട് പടിക്കമാലില്‍ ആനന്ദ് ദയാല്‍ ബാബുവിനു നന്ദി പറയാനുള്ളതു ഖാര്‍കിവ് സര്‍വകലാശാല ക്യുറേറ്ററും മലയാളിയുമായ അബ്ദുല്‍ ബിന്‍ വഹാബ് ഹബീബിനോട്. ഇദ്ദേഹത്തിന്റെ സഹായം ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്കും ഏതാനും സുഹൃത്തുക്കള്‍ക്കും ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നില്ലെന്നു ആനന്ദ്് പറയുന്നു. അബ്ദുല്‍ ബിന്‍ വഹാബ് ഹബീബ് സ്വന്തം കാറിലാണ് ആനന്ദ് ദയാല്‍ ബാബുവിനെയും സുഹൃത്തുക്കളെയും ബങ്കര്‍ പരിസരത്തുനിന്നു ഖാര്‍കിവ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സ്ത്രീകളെ മാത്രമേ ട്രെയിനില്‍ കയറ്റൂവെന്നു അധികൃതര്‍ ശഠിച്ചപ്പോള്‍ വീണ്ടും പ്രതിസന്ധിയായി. ഒടുവില്‍ അധികാരികളുടെ കാലുപിടിക്കാനും അബ്ദുല്‍ ബിന്‍ വഹാബ് ഹബീബ് മുന്നില്‍ നിന്നു. ഖാര്‍കിവില്‍നിന്നു 22 മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണ് ആനന്ദും സുഹൃത്തുക്കളും ഉക്രൈയിനിന്റെ പടിഞ്ഞാറുഭാഗത്തുള്ള ലിവൈവില്‍ എത്തിയത്. അവിടെനിന്നു ബസ് മാര്‍ഗം അതിര്‍ത്തികടന്നാണ് പോളണ്ടില്‍ പ്രവേശിപ്പിച്ചത്. പോളണ്ടില്‍നിന്നു വ്യോമ മാര്‍ഗം ഡല്‍ഹിയിലും തുടര്‍ന്നു ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയിലുമെത്തുകയായിരുന്നു.
ലിവൈവില്‍ രണ്ടു ദിവസം തങ്ങേണ്ടിവന്നു. ഇവിടെനിന്നു ബസില്‍ അതിര്‍ത്തിയിലേക്കു യാത്ര തിരിച്ചവര്‍ക്കു പോളണ്ടില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ശ്വാസം നേരേ വീണത്. പോളണ്ടില്‍ ഭക്ഷണം, വസ്ത്രം, താമസം എന്നിവയ്ക്കു ബുദ്ധിമുട്ടുണ്ടായില്ല. എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായമുണ്ടായിരുന്നു.
ബങ്കറിലെ ജീവിതം അനുസ്മരണീയ അനുഭവമായെന്നു ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ അഞ്ചാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ആനന്ദ് പറഞ്ഞു. ഒരു ദിവസം സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് 500 മീറ്റര്‍ അകലെ ഷെല്‍വര്‍ഷം നടന്നത്. അപ്പോള്‍ത്തന്നെ ബങ്കറിലേക്കു തിരിച്ചോടി. റഷ്യന്‍ അധിനിവേശം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്നു ഫെബ്രുവരി 28ന് ബങ്കര്‍ പൂര്‍ണമായി അടച്ചു. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുമോ എന്ന ആശങ്കയിലായി ബങ്കറിലുള്ളവര്‍. മാര്‍ച്ച് ഒന്നിനു ബങ്കര്‍ തുറന്നപ്പോള്‍ ഇന്ത്യക്കാരായ വിദ്യാര്‍ഥികളെല്ലാം രക്ഷപ്പെടണമെന്ന വ്യഗ്രതയോടെ പുറത്തുചാടി. പ്രാണന്‍ കൈയില്‍ പിടിച്ച് ഒരാഴ്ചയോളം പരക്കംപാഞ്ഞതിനൊടുവിലാണ് രക്ഷയുടെ തുരത്തില്‍ എത്തിയത്. പഠനം പൂര്‍ത്തിയാക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് ആനന്ദ് പറഞ്ഞു. ജൂലൈ വരെ കാത്തിരിക്കാനാണ് യൂനിവേഴ്സിറ്റി നിര്‍ദേശിച്ചത്. ജനതാദള്‍-എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ബാബുവാണ് ആനന്ദിന്റെ പിതാവ്.

Leave a Reply

Your email address will not be published.

Social profiles