വന്യമൃഗശല്യം: പരിഹാരത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കല്‍പറ്റ: കേരളത്തില്‍ വലിയ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നമായി വളര്‍ന്ന വന്യമൃഗശല്യത്തിന്റെ ശാശ്വത പരിഹാരത്തിനു ഉതകുന്ന പഠന റിപ്പോര്‍ട്ട് സുല്‍ത്താന്‍ബത്തേരി സ്വദേശി അഡ്വ.തങ്കച്ചന്‍ മുഞ്ഞനാട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും സമര്‍പ്പിച്ചു. പകര്‍പ്പ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ്, ദേശീയ കടുവ സംരക്ഷണ അഥോറിറ്റി, സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി എന്നിവയ്ക്കും അയച്ചു.
‘ലോകസമാധാനം,വികസനം, പരിസ്ഥിതി’ എന്ന പേരില്‍ അഡ്വ.തങ്കച്ചന്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണ് പുസ്തകം. ഈ ഗ്രന്ഥരചനയ്ക്കായി നടത്തിയ ഗവേഷങ്ങള്‍ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിക്കും മറ്റും സമര്‍പ്പിക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കിയത്.
വനത്തിന്റെ ഗുണനിലവാര ശോഷണം, കാട്ടിലെ ഏകവിളത്തോട്ടങ്ങളുടെ ആധിക്യം, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, കൂടിയ വന്യമൃഗ സാന്ദ്രത, വനത്തില്‍ മനുഷ്യന്റെ ഇടപെടല്‍ എന്നിവയാണ് വര്‍ധിച്ച മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 15 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 1,200ല്‍ അധികം മനുഷ്യര്‍ കൊല്ലപ്പെട്ടതായും 15,000ല്‍പരം ആളുകള്‍ക്കു പരിക്കേറ്റതായും നൂറുകണക്കിന് കോടി രൂപയുടെ വസ്തുനാശം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വനക്രമീകരണം, ഭൂമിക്ക് പകരം ഭൂമി, സംയോജിത പ്രതിരോധം, സജീവ വനം എന്നീ പദ്ധതികളാണ് വന്യമൃഗ ശല്യത്തിന്റെ പരിഹാരത്തിനു അഡ്വ.തങ്കച്ചന്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ നാല് പദ്ധതികളും ഒരേസമയം നടപ്പാക്കുന്നത് കാടും നാടും വേര്‍തിരിക്കാനും മനുഷ്യ- വന്യജീവി സംഘര്‍ഷം ഒഴിവാക്കാനും പര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണവും വെള്ളവും തേടിയാണ് മാംസ, സസ്യഭുക്കുകളായ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു മുഖ്യപരിഹാരം. വനത്തില്‍ അധിനിവേശ സസ്യങ്ങള്‍ പടര്‍ന്നതും തേക്ക്, യൂക്കാലിപ്ട്‌സ് എന്നിവ നട്ടുവളര്‍ത്തിയതുമായ പ്രദേശങ്ങളില്‍ പക്ഷിമൃഗാദികള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലത്തിന്റെ ലഭ്യതക്കുറവ്, പരിസ്ഥിതി പ്രശ്‌നങ്ങള്‍, വികസന ആവശ്യങ്ങള്‍, കര്‍ഷകരുടെ ദുരിതപൂര്‍ണമായ ജീവിതം, കര്‍ഷകരുടെ ജീവിതനിലവാരവും വരുമാനവും ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത, സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ, ശരിയായ പരിസ്ഥിതി സംരക്ഷണം എന്നിവ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അഡ്വ.തങ്കച്ചന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles