മൃഗസംരക്ഷണ മേഖലയ്ക്ക് മാതൃകയായി എന്റെ പൈക്കിടാവ് പദ്ധതി

പുല്‍പ്പള്ളി: മൃഗസംരക്ഷണ ക്ഷീരമേഖലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘എന്റെ പൈക്കിടാവ്’ എന്ന നൂതനവും വ്യത്യസ്തവുമായ പദ്ധതി കര്‍ഷകര്‍ക്ക് മാതൃകയാകുന്നു. മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വകുപ്പ് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 5 ലക്ഷം രൂപയും ഉപയോഗിച്ച് 100 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയത്. ആറുമാസം മുതല്‍ ഗര്‍ഭിണികളായ പശുക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൃത്യമായ സമയക്രമങ്ങളില്‍ പ്രത്യേക തരം മരുന്നുകളും ധാതുലവണ മിശ്രിതങ്ങളും ചില തരം പോഷകങ്ങളും അധിക അളവില്‍ കാലിത്തീറ്റയും ഗര്‍ഭകാല സംരക്ഷണത്തിന്റെ ഭാഗമായി നല്‍കുന്നു. സുഖപ്രസവം ഉറപ്പു വരുത്തുന്നതോടൊപ്പം പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള മരുന്നുകളും ഇതോടൊപ്പം നല്‍കുന്നു. ഈ രീതി പരീക്ഷിക്കുന്നതിലൂടെ ഉല്‍പാദനത്തില്‍ 40% ത്തോളം പാലിന്റെ വര്‍ദ്ധനവാണ് കണ്ടെത്തിയിട്ടുള്ളത്. പ്രസവിച്ച പശുക്കളില്‍ നീണ്ട നാള്‍ ഏറ്റക്കുറവില്ലാത്ത ഉല്‍പാദനവും ഗുണമേന്മയുള്ള പാലിന്റെ ലഭ്യതയും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.അകിടു വീക്കം, പാദങ്ങള്‍ ദ്രവിക്കുന്നത് മൂലമുള്ള കൈകാല്‍ വേദന, കാല്‍സ്യക്കുറവ് മൂലം ഉള്ള വീഴ്ച, കീറ്റോസിസ് പോലെയുള്ള ഉപാപചയ രോഗങ്ങള്‍, പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഒന്നുംതന്നെ ഈ പശുക്കളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ ജനിക്കുന്ന കന്നുകുട്ടിക്ക് ആണ്‍ പെണ്‍ ഭേദമില്ലാതെ ഒന്നര മാസക്കാലം ആവശ്യാനുസരണം പാലും തുടര്‍ന്ന് കാഫ് സ്റ്റാര്‍ട്ടറും നല്‍കി വളര്‍ത്തുന്നതിനാല്‍ ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള നല്ല കന്നു കുട്ടികളെ സൃഷ്ടിച്ചെടുക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. കന്നുക്കുട്ടിക്ക് നിശ്ചിത അളവില്‍ പാല്‍ ലഭ്യത ഉറപ്പുവരുത്താന്‍ 8 ലിറ്റര്‍ പാല്‍ സംഭരണ ശേഷിയുള്ള ഡി ലാവല്‍ കമ്പനിയുടെ 1000 രൂപ വിലമതിക്കുന്ന പാല്‍ ബക്കറ്റ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. കൂടാതെ ഗര്‍ഭിണി പശുക്കള്‍ക്കും കന്നു കുട്ടികള്‍ക്കും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നല്‍കാനുള്ള 5000 രൂപയുടെ മരുന്നുകളും കര്‍ഷകര്‍ക്ക് നല്‍കി.നാലു മുതല്‍ അഞ്ചു മാസക്കാലം കന്നു കുട്ടികള്‍ക്ക് എന്റെ പൈക്കിടാവ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും. പശുക്കുട്ടി ആണെങ്കില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോവര്‍ദ്ധിനി പദ്ധതിയിലേക്ക് കന്നുക്കുട്ടികളെ ദത്തെടുക്കും.32 മാസം വരെയോ കന്നുകുട്ടി ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നത് വരെയോ പകുതി വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കും.ഒരു വയസ്സ് പ്രായമാകുമ്പോഴേക്കും മദി ലക്ഷണം കാണിക്കുന്നതിനും14 -16 മാസം പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നതിനും സാഹചര്യമൊരുക്കുക കൂടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. എന്റെ പൈക്കിടാവ് പദ്ധതിയുടെ ഉദ്ഘാടനം കന്നുകുട്ടിക്കുള്ള പാല്‍ ഫീഡിങ് ബക്കറ്റും മരുന്നുകളും വിതരണം ചെയ്തുകൊണ്ട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പുല്‍പ്പള്ളി മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കെ.എസ്. പ്രേമന്‍ പദ്ധതി വിശദീകരണവും, കോഡിനേറ്ററായ ബിനോയ് ജെയിംസ് സ്വാഗതവും ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി മുല്ലക്കല്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ എ.കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. വിതരണ പരിപാടികള്‍ക്ക് അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരായ റോഷ്‌ന സിഡി, സുനിത പി.കെ, രതീഷ് പി.കെ, ബിന്ദു എം.ആര്‍, ജീവനക്കാരായ ബാബു പി.ഇ, ബേബി. ഒ, സന്തോഷ് കുമാര്‍ പി.ആര്‍, വി.എം ജോസഫ്, സിജി സാബു, മാത്യു പി.ജെ, ജയ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles