പൂത്തുലഞ്ഞ് ആറുലക്ഷം പൂക്കള്‍; ഊട്ടിയില്‍ ഇനി പൂക്കാലം

ഊട്ടി: കാഴ്ചക്കൗതുകങ്ങള്‍ക്ക്പുത്തന്‍ ഭാവം തീര്‍ത്ത് ഊട്ടിയില്‍ വസന്തോത്സവം ആവേശത്തിലേക്ക്. ഒരു മാസം നീണ്ടു നില്‍ക്കുന്ന വസന്തോത്സവം ശനിയാഴ്ച മുതില്‍ ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും തെക്കിന്റെ കാശ്മീരായ ഊട്ടിയിലേക്ക് എത്തിത്തുടങ്ങി. എത്തിത്തുടങ്ങിയിട്ടുണ്ട്. ഈമാസം 20 മുതലാണ് ഊട്ടി ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ വസന്തോത്സവത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായ പുഷ്പ പ്രദര്‍ശന മേള ആരംഭിക്കുന്നത്. ആറു ലക്ഷത്തിലധികം പൂക്കളുടെ ശേഖരവുമായാണ് ഇത്തവണ പുഷ്പ മേള നടക്കുന്നത്. പുഷ്പമേളയുടെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍വഹിക്കും. 275 ഇനം പുഷ്പങ്ങളാണ് മേളക്കായി ഒരുക്കിയിരിക്കുന്നത്. 5.5 ലക്ഷം ചെടികളാണ് കഴിഞ്ഞ ജനുവരി മുതല്‍ ഗാര്‍ഡനില്‍ മേളക്കായി നട്ട് പരിപാലിച്ച് പോരുന്നത്. ഇതിന് പുറമെ ഫ്ളവര്‍ഷോ പവലിയനുകളിലും ഗ്ലാസ് ഹൗസിലും 35000 ചട്ടികളിലും വിവിധയിനം പൂക്കള്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുങ്ങിയിട്ടുണ്ട്. ബോണ്‍സായ് ഗാര്‍ഡന്‍, റോസ് ആന്റ് ഓര്‍ക്കിഡ് ഗാര്‍ഡന്‍, ലാന്‍ഡ്‌സ്‌കേപ്പ് ഗാര്‍ഡന്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാവും. നാടന്‍ പൂക്കളുടെയും ലോകത്തെമ്പാടുമുള്ള അപൂര്‍വ സസ്യങ്ങളുടെയും പ്രദര്‍ശനവും ഇതിനോടൊപ്പം ഉണ്ട്. ഇവിടെ മറ്റ് അറ്റക്കുറ്റ പണികള്‍ അവസാന ഘട്ടത്തിലാണ്. മെയ് 24 വരെയാണ് പുഷ്പ പ്രദര്‍ശന മേള നടക്കുന്നത്.
124ാമത് വസന്തോത്സവത്തിന് കോത്തഗിരിയില്‍ ആരംഭിച്ച പച്ചക്കറി പ്രദര്‍ശന മേളയോടെയാണ് ഇത്തവണ തുടക്കമായത്. ഊട്ടി ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേളയും റോസ് ഗാര്‍ഡനില്‍ നടക്കുന്ന റോസ് മേളയും ഗൂഡല്ലൂരില്‍ നടക്കുന്ന സുഗന്ധവ്യഞ്ജന മേളയും കുന്നൂര്‍ സിംസ് പാര്‍ക്കില്‍ നടക്കുന്ന പഴവര്‍ഗ പ്രദര്‍ശന മേളയുമടങ്ങുന്നതാണ് നീലഗിരിയുടെ വസന്തോത്സവം. കോത്തഗിരി നെഹ്റു പാര്‍ക്കിലാണ് പച്ചക്കറി പ്രദര്‍ശന മേള നടക്കുന്നത്. ഇവിടെ പച്ചക്കറികളാല്‍ വിവിധ രൂപങ്ങള്‍ തീര്‍ത്ത് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഒന്നര ടണ്‍ ക്യാരറ്റ്, 600 കിലോ മുള്ളങ്കി എന്നിവയില്‍ തീര്‍ത്ത ഒട്ടകവും കുഞ്ഞുമാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. പച്ചക്കറികളില്‍ തീര്‍ത്ത മത്സ്യത്തിന്റെ രൂപവും ക്ലോക്കും ഗിറ്റാറും കാളയുമെല്ലാം സഞ്ചാരികള്‍ക്ക് വിരുന്നൂട്ടാന്‍ ഉതകുന്നതാണ്. ഇത് കൂടാതെ ഊട്ടിയുടെ 200 വര്‍ഷങ്ങളെ വരച്ചുക്കാട്ടുന്ന സ്തൂപവും വിവിധ ജില്ലകളില്‍ നിന്നുള്ള കാര്‍ഷിക വകുപ്പിന്റെ പ്രദര്‍ശന മേളകളും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
ഈമാസം 13 മുതല്‍ ഗൂഡല്ലൂരില്‍ സുഗന്ധവ്യഞ്ജന മേളയും 14 മുതല്‍ ഊട്ടി റോസ് ഗാര്‍ഡനില്‍ റോസ് പ്രദര്‍ശന മേളയും നടക്കും. പിന്നാലെ പുഷ്പമേളയും ആരംഭിക്കും. ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന പഴവര്‍ഗ മേളയോടെയാണ് നീലഗിരിയുടെ ഈ വര്‍ഷത്തെ വസന്തോത്സവത്തിന് തിരശ്ശീല വീഴുക. കേരളത്തില്‍ നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികളാണ് വര്‍ഷാവര്‍ഷങ്ങളില്‍ വേനല്‍ക്കാല സീസണിലെ വസന്തോത്സവം കാണാനായി നീലഗിരിയിലെത്താറ്. കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തെ വസന്തോത്സവങ്ങള്‍ക്ക് ശേഷമാണ് നീലഗിരിയുടെ ഉത്സവത്തിന് ഇത്തവണ കൊടിയേറുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles