നടപ്പാത നിര്‍മാണം പൂര്‍ത്തിയായില്ല; സമരത്തിനൊരുങ്ങി കല്‍പറ്റ നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും

കല്‍പറ്റ: ദേശീയപാതയോരത്തെ നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍മാനും കൗണ്‍സിലിലെ യു.ഡി.എഫ് അംഗങ്ങളും 18ന് ദേശീയപാത സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ(കോഴിക്കോട്) കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തും.
ദേശീയപാതയില്‍ പുതിയ സ്റ്റാന്‍ഡിനു എതിര്‍വശത്തെ നടപ്പാത നിര്‍മാണം അനിശ്ചിതമായി നീളുന്നതിനെതിരെയാണ് സമരമെന്നു ചെയര്‍മാന്‍ കെയെംതൊടി മുജീബ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.മുസ്തഫ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ.ഐസക് എന്നിവര്‍ പറഞ്ഞു.
2018ല്‍ പൂര്‍ത്തിയായതാണ് നടപ്പാത നിര്‍മാണത്തിനു ടെണ്ടര്‍ നടപടികള്‍. അഞ്ചു കരാറുകാരാണ് പ്രവൃത്തി ഏറ്റെടുത്തത്. ഇതില്‍ രണ്ടു പേര്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ടുപേര്‍ നിര്‍മാണം നടത്തിവരികയാണ്. എന്നാല്‍ ഒരു കരാറുകാരന്‍ ഏറ്റെടുത്ത പ്രവൃത്തി എങ്ങുമെത്തിയില്ല. നടപ്പാത നിര്‍മാണം വൈകുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം നഗരസഭ പലവട്ടം വകുപ്പു മന്ത്രിയുടെയും ദേശീയപാത അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിരുത്തരവാദം കാട്ടുന്ന കരാറുകാരനെതിരെ നടപടിയും ആവശ്യപ്പെട്ടു. എന്നാല്‍ പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിനു ഇടപെടല്‍ ഉണ്ടായില്ല. നടപ്പാത നിര്‍മാണം പൂര്‍ത്തിയാകാത്തതു കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ധര്‍ണ തീരുമാനിച്ചത്. ഇതു ഫലം ചെയ്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles