വയനാട്ടില്‍ 35 കുട്ടികള്‍ക്കു എന്‍.എം.എം സ്‌കോളര്‍ഷിപ്

കല്‍പറ്റ: 2022ലെ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപിനു (എന്‍.എം.എം.എസ്) നിയോജക മണ്ഡലത്തിലെ 35 കുട്ടികള്‍ അര്‍ഹരായതായി ടി.സിദ്ദീഖ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താന്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ സ്പാര്‍ക്ക് പദ്ധതിയിലെ പ്രോഗ്രാമുകളിലൊന്നായ ബിയോണ്ട് ദ ഹൊറൈസണിന്റെ ഭാഗമായി നടത്തിയ തീവ്ര പരിശീലനമാണ് ഈ നേട്ടത്തിനു കാരണം. 35 കുട്ടികള്‍ക്കായി 16,80,000 രൂപയുടെ സ്‌കോളര്‍ഷിപാണ് ലഭിക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ നാലു കുട്ടികളും ഇതില്‍ ഉള്‍പ്പെടും.
ഓണ്‍ലൈനിലാണ് 15 ദിവസം നീണ്ട പരിശീലനം സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയിലാണ് കുട്ടികള്‍ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സമഗ്ര പദ്ധതിയാണ് സ്പാര്‍ക്ക്. പ്രീ-പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ എല്ലാ മേഖലകളിലെയും വിദ്യാര്‍ഥികളുടെയും വിദ്യാലയങ്ങളൂടെയും ബഹുമുഖ വികാസത്തിനുതകുന്ന പത്ത് വ്യത്യസ്ത പദ്ധതികളാണ് സ്പാര്‍ക്കിലുള്ളത്. സ്പാര്‍ക്കിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി, ക്ലാറ്റ് എന്നിവയുടെ പരിശീലനം നടന്നുവരികയാണ്. തന്റെ ശ്രമഫലമായാണ് യു.ജി.സി നെറ്റ് പരീക്ഷയ്ക്കു വയനാട്ടില്‍ സ്ഥിരം സെന്റര്‍ അനുവദിച്ചത്.
മീനങ്ങാടി പോളിടെക്നികിന് പുറമേ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജും ഈ വര്‍ഷം പരീക്ഷാ കേന്ദ്രമാകും. ഇതുസംബന്ധിച്ച ധാരണാപത്രം കോളേജ് അധികൃതരുമായി വൈകാതെ ഒപ്പുവെക്കും. അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ച് കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലും പരീക്ഷാകേന്ദ്രം തുടങ്ങും.
ഇതിനു എം.എല്‍.എ ഫണ്ടില്‍നിന്നു തുക ചെലവഴിക്കും. ഇതോടെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുറത്തുപോകാതെ പരീക്ഷ എഴുതാനും സമീപ ജില്ലക്കാര്‍ക്കു വയനാടിനെ തെരഞ്ഞെടുക്കാനും സാഹചര്യമൊരുങ്ങും. ഡല്‍ഹി യു.ജി.സി ഓഫീസിലും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലും വയനാട് എം.പി രാഹുല്‍ഗാന്ധിയുടെ പിന്തുണയോടുകൂടി നടത്തിയ പരിശ്രമങ്ങളാണ് യു.ജി.സി പട്ടികയില്‍ വയനാടിനു ഇടം നേടിക്കൊടുത്തത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നീറ്റ് ഉള്‍പ്പെടെ മുഴുവന്‍ പരീക്ഷകള്‍ക്കും വയനാട്ടില്‍ സ്ഥിരം സെന്റര്‍ അനുവദിക്കുന്നതിനു ശ്രമം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles