സ്വന്തം ബ്രാന്‍ഡിന്റെ കരുത്തില്‍ മൂന്നു വനിതകള്‍

കല്‍പറ്റയില്‍ തുടരുന്ന പ്രദര്‍ശന-വിപണന മേളയിലെ സ്റ്റാളില്‍ ഷിബില.

കല്‍പറ്റ: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ തുടരുന്ന പ്രദര്‍ശന-വിപണന മേളയില്‍ സ്വന്തം ബ്രാന്‍ഡിന്റെ കരുത്തറിയിച്ചു മൂന്നു വനിതകള്‍. ബത്തേരി തവനിയിലെ ദേവകി, അമ്പലവയലിലെ ടി.ഷിബില, കല്‍പറ്റ മണിയങ്കോടിലെ ശാന്തി പാലക്കല്‍ എന്നിവരാണ് സ്വന്തം ബ്രാന്‍ഡുകളുമായി മേളയിലെത്തിയത്. സ്വാതി എന്ന പേരിലുള്ള കറി പൗഡര്‍, വയനാടന്‍ കാപ്പിപ്പൊടി, പുട്ടുപൊടി, അരിപ്പൊടി, കുത്തരി, അച്ചാറുകള്‍ തുടങ്ങിയവയാണ് ദേവകി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നത്. പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാമിലൂടെ 2004ലാണ് ദേവകി സംരംഭം തുടങ്ങിയത്.
ഷിബില നാല് മാസങ്ങള്‍ മുന്‍പ് തുടങ്ങിയ സംരംഭമാണ് മുസ്ദ പ്രൊഡക്ട്സ്. ബീഫ് അച്ചാര്‍, മീന്‍ അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, ചെത്തമാങ്ങ അച്ചാര്‍, തുറമാങ്ങ തുടങ്ങി വിവിധതരം അച്ചാറുകളും ചക്കപ്പൊടി, ഡ്രൈ ഫ്രൂട്‌സ് ഹണി തുടങ്ങിയ വിഭവങ്ങളും ഷിബിലയുടെ സ്റ്റാളിലുണ്ട്. വീടിനുള്ളില്‍ ഒതുങ്ങാതെ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഷിബിലയെ മുസ്ദയിലേക്ക് നയിച്ചത്. സ്വന്തമായി കൃഷി ചെയ്തെടുത്ത തേന്‍ ഉപയോഗിച്ചു തയാറാക്കുന്ന ബീ വാക്സ് ക്രീം, ബീ വാക്സ് ലിപ് ബാം, പെയിന്‍ ബാം തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളും ഷിബിലയുടെ ഉല്‍പന്നങ്ങളാണ്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ക്ലാസ്സുകളും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും പരിശീലനവും സംരഭം നല്ലനിലയിലാക്കുന്നതിനു സഹായകമായതായി ഷിബില പറയുന്നു.
കാപ്പിപ്പൊടികളാണ് ശാന്തി പാലക്കല്‍ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നത്. മാന്‍ടെ ബനാസ് ഗ്രീന്‍ കോഫി എന്ന പേരില്‍ 2015ലാണ് വയനാടന്‍ കാപ്പിയില്‍നിന്നു വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭം ശാന്തി തുടങ്ങുന്നത്. നിലവില്‍ വിദേശത്തേക്കടക്കം ഉല്‍പന്നങ്ങള്‍ കയറ്റുന്നുണ്ട്. ഫൈന്‍ കോഫി, തുര്‍ക്കിഷ് കോഫി, ഫില്‍റ്റര്‍ കോഫി, എക്സ്പ്രസൊ കോഫി, ഫ്രഞ്ച് പ്രെസ് എന്നീ കോഫി പൗഡറുകള്‍ ശാന്തിയുടെ സ്വന്തം ഉല്‍പന്നങ്ങളാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles