സിദ്ധി ധമാല്‍ നിറപകിട്ടില്‍ തിളങ്ങി എന്റെ കേരളം വേദി

എന്റെ കേരളം വേദിയില്‍ ഗുജറാത്തില്‍ നിന്നെത്തിയ സിദ്ധി ധമാല്‍ സംഘം അവതരിപ്പിച്ച നൃത്തം

കല്‍പറ്റ: ആഫ്രിക്കന്‍ പാരമ്പര്യത്തിന്റെ അമ്പരിപ്പിക്കുന്ന ചുവടുകളും അഭ്യാസങ്ങളുമായി എന്റെ കേരളം വേദിയില്‍ ഗുജറാത്തില്‍ നിന്നെത്തിയ സിദ്ധി ധമാല്‍ നര്‍ത്തകര്‍. ഇന്ത്യന്‍ നാടോടി ജീവിതക്കാഴ്ചകളിലെ കലാരൂപങ്ങളെ ഒരു വേദിയില്‍ കോര്‍ത്തെടുത്ത ഭാരത് ഭവന്‍ ഇന്ത്യന്‍ ഗ്രാമോത്സവം വയനാടിന്റെ കലാസ്വാദകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ ഗ്രാമോത്സത്തവിന്റെ വര്‍ണ്ണ പകിട്ടുമായി അഞ്ചോളം സംസ്ഥാനത്തില്‍ നിന്നെത്തിയ വൈവിധ്യമായ നൃത്തരൂപങ്ങള്‍. വയനാടിന് അപൂര്‍വ്വമായി മാത്രം ലഭിച്ച സുവര്‍ണ്ണാവസരം എന്റെ കേരളം വേദിയുടെ തിങ്ങി നിറഞ്ഞ സദസ്സിന് പുത്തനുണര്‍വ്വായി മാറി.
പഞ്ചാബിലെ ഭാംഗ്ര, ജമ്മു കശ്മീരിലെ റൗഫ് ഡാന്‍സ്, മഹാരാഷ്ട്രയിലെ ലാവണി നൃത്തം, കോലി നൃത്തം, സിക്കിമിലെ തമാങ്, സെലോ നൃത്തം, പഞ്ചാബിലെ ലുഡ്ഡി, ജിന്ദുവ നൃത്തങ്ങള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 78 ലധികം കലകാരന്‍മാരാണ് വേദിയെ തദ്ദേശീയമായ നൃത്തചുവടുകളിലൂടെ അവിസ്മരണീയമാക്കിയത്.
ഗുജറാത്തിലെ ബരോച്ച് പ്രദേശത്ത് വസിക്കുന്നവരാണ് സിദ്ധി സമുദായക്കാര്‍. ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിദ്ധി ധമാല്‍കാരുടെ പൂര്‍വ്വികര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. പോര്‍ച്ചുഗീസുകാരോടൊപ്പം ഇന്ത്യയില്‍ വന്ന് ചിതറിപ്പോയ ഇവര്‍ ഗുജറാത്തിലെ ജുനഗര്‍, സുരേന്ദര്‍നഗര്‍, ജാഗ്രാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കി. സിദ്ധി സമുദായക്കാര്‍ ആഫ്രിക്കന്‍ സംസ്‌ക്കാരവും പാരമ്പര്യവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇവരുടെ ജീവിതത്തിലും നൃത്ത രൂപത്തിലും ഇതെല്ലാം പ്രകടമാണ്.
ഇന്ത്യന്‍ ദേശീയതയുടെ ജീവിത വൈവിധ്യങ്ങളില്‍ കണ്ണി ചേര്‍ന്ന കലാരൂപങ്ങളുടെ വിപുലമായ അവതരണത്തിന് ഇതാദ്യമായാണ് വയനാട് വേദിയാകുന്നത്. സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്‍, ഭാരത് സര്‍ക്കാര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവരാണ് ഇന്ത്യന്‍ ഗ്രാമോത്സവം എന്റെ കേരളം മെഗാ പ്രദര്‍ശന മേളയുടെ അരങ്ങിലെത്തിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles