ചെമ്പോത്തറ ഗ്രമോത്സവം ഏപ്രിലില്‍

കല്‍പ്പറ്റ: രണ്ടാമത് ചെമ്പോത്തറ ഗ്രാമോത്സവം ഏപ്രില്‍ 23 മുതല്‍ 30 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.കെ. സുധാകരന്‍, എം. അബ്ദുള്‍ റഷീദ്, പി.എ. ഷമീല്‍, പി.കെ. റഷീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേപ്പാടി പഞ്ചായത്തിലെ 21-ാം വാര്‍ഡും 22-ാം വാര്‍ഡിന്റെ ഭാഗവും ഉള്‍പ്പെടുന്നതാണ് ചെമ്പോത്തറ ഗ്രാമം. ചെമ്പോത്തറ ഗ്രാമോത്സവം ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഗ്രാമോത്സവത്തിനു നേതൃത്വം നല്‍കുന്നത്. 2019ലായിരുന്നു പ്രഥമ ഗ്രാമോത്സവം. വിവിധ മേഖലകളില്‍ ഗ്രാമീണരുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് ഗ്രാമോത്സവം നടത്തുന്നത്. കൂട്ടയോട്ടം, സാംസ്‌കാരിക സമ്മേളനം, ഘോഷയാത്ര, രോഗി സന്ദര്‍ശനം, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, സെമിനാര്‍, ഗോത്ര കലോത്സവം, ഗാനമേള, സമൂഹസദ്യ തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ ഭാഗമാണ്. ഗ്രാമോത്സവം ലോഗോ മുന്‍ ജില്ലാ കളക്ടര്‍ എ.ഗീതയും സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും നിര്‍വഹിച്ചതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഗ്രാമോത്സവം ചാരിറ്റബിള്‍ സൊസൈറ്റി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടത്തിയത്. പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് സ്ഥലം നല്‍കി. പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന്റെ പാതിവഴിയില്‍ നിലച്ച ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. ഗ്രാമവാസികള്‍ക്കായി കളിസ്ഥലം തയാറാക്കി. സംസ്‌കാരിക നിലയത്തിനായി സ്ഥലം വാങ്ങി. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഒരു പ്രദേശത്ത് കുളം നിര്‍മാണത്തിന് ഭൂമി സൗജന്യമായി ലഭ്യമാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles