പ്രണയതന്ത്രികളില്‍ സൂഫി സംഗീതം

കല്‍പറ്റ: ഭൂമിയില്‍നിന്നു ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ ദിവ്യസംഗീതം. സൂഫീ തന്ത്രികളില്‍ ലയസാന്ദ്രമായി ഒരു സായാഹ്നം. പ്രശസ്ത സൂഫി ഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറുമാണ് എന്റെ കേരളം വേദിയില്‍ നന്‍മയുടെ പാട്ടുകളുമായെത്തിയത്. ഗായകന്‍ സി. മിഥുലേഷും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സൂഫി സംഗീതത്തെ അടുത്തറിയാന്‍ നിറഞ്ഞ സദസ്സും മഴ വകവെക്കാതെ എത്തി.
സൂഫി കാവ്യാലാപനത്തില്‍ പതിറ്റാണ്ടുപിന്നിട്ട ഗായകരാണ് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും.വസൂഫി കാവ്യാലാപനത്തിന്റെ ജനകീയതയും ആസ്വാദനവും സദസ്സിനെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ചു.
ഇബ്‌നു അറബി, മന്‍സൂര്‍ ഹല്ലാജ്, അബ്ദുല്‍ യാ ഖാദിര്‍ ജീലാനി, റാബിഅ ബസരിയ്യ, ഉമര്‍ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങള്‍, ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങള്‍, ഖാജാ മീര്‍ ദര്‍ദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകള്‍, ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍, മസ്താന്‍ കെ.വി.അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങള്‍… ഇങ്ങനെ നീളുന്നതായിരുന്നു സംഗീത സായാഹ്നം. സൂഫി സംഗീതത്തില്‍ നാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗത്മക ശീലുകള്‍, പരിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍, ഉപനിഷദ് വാക്യങ്ങള്‍ തുടങ്ങിയവയും കണ്ണി ചേര്‍ന്നിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles