ടോമിയുടെ ഭവനവായ്പ: വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കല്‍പറ്റ:പുല്‍പള്ളി ഇരുളത്തെ അഭിഭാഷകന്‍ എം.വി.ടോമിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭവനവായ്പ കുടിശികയില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്.
ടോമിയുടെമരണം ദൗര്‍ഭാഗ്യകരവും അതീവ ദുഃഖകരവുമാണ്. കുടുംബത്തെ ഞങ്ങളുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ടോമി നേരിട്ട പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ബാങ്ക് ശ്രമിച്ചുവരികയായിരുന്നു. ഉപഭോക്താവ് നല്‍കിയ ഉറപ്പില്‍ അദ്ദേഹത്തിന്റെ സ്വത്ത് ബാങ്ക് ഇതുവരെ ജപ്തി ചെയ്തിട്ടില്ല.
ടോമിയുടെ പേരില്‍ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ട് ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാല്‍ ഈ വായ്പ അക്കൗണ്ട് 2015 ഡിസംബര്‍ 31നു നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചിരുന്നു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങി. വായ്പ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ സൗത്ത് ഇന്ത്യന്‍ ബാങ്കും ഉദ്യോഗസ്ഥരും വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചു. ഇതു പ്രകാരം തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിച്ചു.
ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത് കോടതി ഉത്തരവ് പ്രകാരം പൂര്‍ണമായും നിയമപരമായാണ്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ജപ്തി ചെയ്യാന്‍ ജമീല എന്ന വ്യക്തി. െകോടതി നിയോഗിച്ചു. തുടര്‍ നടപടികള്‍ക്കായി 2022 മെയ് 11നു അഡ്വക്കറ്റ് കമ്മീഷണര്‍, പോലീസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം പണയവസ്തു സന്ദര്‍ശിച്ചു. ഉപഭോക്താവും പ്രദേശത്തെ പ്രധാന വ്യക്തികളുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ 16 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഉപഭോക്താവ് സന്നദ്ധത അറിയിയിച്ചു. ഈ തുക 10 ദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പ് നല്‍കി. ആദ്യ ഗഡു എന്ന നിലയില്‍ ഇതേദിവസം തന്നെ നാല് ലക്ഷം രൂപ ഉപഭോക്താവ് അടച്ചു. നിശ്ചിത ദിവസത്തിനകം തുക തിരിച്ചടയ്ക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ഉപഭോക്താവും മധ്യസ്ഥരും ഒപ്പുവെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നല്‍കി. ഈ ഉറപ്പില്‍ ജപ്തി നടപടികള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നിര്‍ത്തിവെച്ചതാണ്. ടോമിക്കുമേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ല. രമ്യമായി വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തതെന്നും വിശദീകകരണത്തില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles