എന്‍.എം.എം സ്‌കോളര്‍ഷിപ്:എം.എല്‍.എയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ

കല്‍പറ്റ: നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപിനു വയനാട്ടില്‍ 35 കുട്ടികള്‍ അര്‍ഹത നേടിയതു താന്‍ മൂന്‍കൈയെടുത്തു നടപ്പിലാക്കിയ സ്പാര്‍ക്ക് പദ്ധതിയുടെ നേട്ടമാണെന്ന ടി.സിദ്ദീഖ് എം.എല്‍.എയുടെ വാദത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്. ‘എന്തൊരു പ്രഹസനമാണ് സജി’ എന്ന സിനിമാ ഡയലോഗ് പോലെയായി സിദ്ദീഖിന്റെ അവകാശവാദമെന്നും
ഇനിയുള്ള നാലുകൊല്ലവും കല്‍പറ്റക്കാര്‍ ഇതിന്റെ ആവര്‍ത്തനം സഹിക്കേണ്ടിവരുമെന്നും റഫീഖ് പറയുന്നു.
സ്‌കോളര്‍ഷിപ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ സ്പാര്‍ക്ക് പദ്ധതി ഫലം കാണുന്നു എന്ന നിലയില്‍ കല്‍പറ്റ എം.എല്‍.എ വാര്‍ത്താസമ്മേളനം വിളിച്ചു പൊറാട്ടുനാടകമാണ് നടത്തിയത്. കല്‍പറ്റ മണ്ഡലത്തില്‍ 150 കുട്ടികള്‍ സ്‌കോളര്‍ഷിപ് പരീക്ഷയ്്ക്കു യോഗ്യത നേടി. ഇതില്‍ 35 കുട്ടികള്‍ സ്‌കോളര്‍ഷിപിന് അര്‍ഹരായി. ഈ നേട്ടത്തിനു പിന്നില്‍ കുട്ടികളെ കോവിഡ് കാലത്തു മത്സര പരീക്ഷയ്ക്ക് ഒരുക്കിയ അതത് വിദ്യാലയങ്ങളിലെ അധ്യാപകരുടെ കഠിനാധ്വാനമാണ്. അധ്യാപകരുടെ പങ്ക് കുറച്ചുകാണിക്കുന്ന നിലയില്‍ എം.എല്‍.എ ഉന്നയിക്കുന്ന വാദത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്നവര്‍ പരിശോധിക്കണം. കുട്ടികളുടെ നേട്ടം സ്പാര്‍ക്ക് പദ്ധതിയില്‍ നല്‍കിയ 15 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഫലമാണെന്നു വാദിക്കുന്ന എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞി ചമയുകയാണ്.
എം.എല്‍.എയുടെ സ്പാര്‍ക്ക് പദ്ധതി കൊട്ടിഘോഷത്തോടെ തുടങ്ങിയത് 2022 ജനുവരിയിലാണ്. നാഷണല്‍ മീന്‍സ് കം-മെരിറ്റ് സ്‌കോളര്‍ഷിപ് രജിസ്‌ട്രേഷന്റെ അവസാന സമയവും ജനുവരിയായിരുന്നു. ഒറ്റയടിക്കല്ല കുട്ടികള്‍ പരീക്ഷയ്ക്കു യോഗ്യത നേടിയത്.
യു.പി ക്ലാസുകളിലെ പഠന മികവിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ സ്‌ക്രൂട്‌നിയിലൂടെയാണ് എട്ടാംതരത്തില്‍ പഠിക്കുന്ന കുട്ടികളെ അധ്യാപകര്‍ കണ്ടെത്തി പരിശീലനം നല്‍കുന്നത്. ഇതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചിട്ടയായി നടക്കുന്ന പ്രവര്‍ത്തനമാണ്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള പരിശീലനം തുടങ്ങിയതിനുശേഷമുള്ള ഘട്ടത്തിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍. സ്‌കോളര്‍ഷിപ് പരീക്ഷയ്ക്ക് യോഗ്യരായ കുട്ടികളെ അതിലേക്ക് നയിക്കുന്നതില്‍ സ്പാര്‍ക്ക് പദ്ധതിക്കു എന്തു പങ്കാളിത്തമാണുള്ളതെന്നു എം.എല്‍.എ വ്യക്തമാക്കണം. കുട്ടികളെ കണ്ടെത്തി പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യിക്കുന്നതില്‍ സ്പാര്‍ക്കിന് ഒരു പങ്കും ഇല്ലെന്നു വ്യക്തമാണ്. പരീക്ഷയ്ക്ക് മുമ്പു 15 ദിവസം ലഭിച്ച ഓണ്‍ലൈന്‍ ക്ലാസാണ് കുട്ടികളെ സ്‌കോളര്‍ഷിപിനു അര്‍ഹരാക്കിയതെന്നു ചിന്തിക്കാന്‍ എം.എല്‍.എയ്ക്ക് സ്വാതന്ത്ര്യമുണ്ട്. അതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പൊതുസമൂഹം വിലയിരുത്തുമ്പോഴാണ് എട്ടുകാലി മമ്മൂഞ്ഞിത്തരം വെളിയില്‍ ചാടുന്നതെന്നും റഫീഖ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles