അഭിഭാഷകന്റെ ആത്മഹത്യ: ബാങ്കിലേക്കു മാര്‍ച്ച് നടത്തി
*ശനിയാഴ്ച കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കേണിച്ചിറ ശാഖയ്ക്കു മുന്നില്‍ ഇരുളം ആക്ഷന്‍ കൗണ്‍സില്‍ യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: ഇരുളം സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയിലേക്കു മാര്‍ച്ച് നടത്തി. ഭവനവായ്പ കുടിശികയുടെ പേരില്‍ ബാങ്ക് നടത്തിയ ജപ്തി നീക്കത്തില്‍ മനംനൊന്ത് അഭിഭാഷകന്‍ ഇരുളം എം.വി.ടോമി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു സമരം. വിജയ ഹൈസ്‌കൂള്‍ പരിസരത്ത് ആരംഭിച്ച മാര്‍ച്ച് ബാങ്ക് ശാഖയ്ക്കു മുന്നില്‍ സമാപിച്ചു. ശാഖ വെള്ളിയാഴ്ച പ്രവര്‍ത്തിച്ചില്ല.
ബാങ്കിനു മുന്നില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.എസ്.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.എം.ഷാജഹാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി-കര്‍ഷക സംഘടനാ നേതാക്കളായ കെ.എല്‍.പൗലോസ്, പി.കെ.സുരേഷ്, അഡ്വ.ഗീവര്‍ഗീസ്, എ.വി.ജയന്‍, ടി.ബി.സുരേഷ്, എം.എസ്.രംഗനാഥ്, ജയന്തി രാജന്‍, എം.എസ്.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ശനിയാഴ്ച രാവിലെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ജപ്തി നീക്കത്തിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അഡ്വക്കറ്റ് കമ്മീഷനും ഒപ്പം ബുധനാഴ്ച മുന്‍ അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ടോമിയുടെ വീട്ടിലെത്തിയ കേണിച്ചിറ പോലീസിന്റെ ദുര്‍നടപടികളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

0Shares

Leave a Reply

Your email address will not be published.

Social profiles