ജോ. ആന്റ് ജോ: വയനാടിന്റെ സ്വന്തം സിനിമ

കല്‍പറ്റ: നിഖില വിമല്‍, ജോണി ആന്റണി, മാത്യു തോമസ്, നസ്ലിന്‍.കെ ഗഫൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ജോ. ആന്റ് ജോ തിയറ്ററില്‍ ഇന്ന് റിലീസായപ്പോള്‍ വയനാടിനും അഭിമാന നിമിഷം. ശരത് ചന്ദ്രന്‍ വയനാട്, മിഥുന്‍ മാനുവല്‍ തോമസ്, ബേസില്‍ ജോസഫ് എന്നിവരുടെ പിന്‍ഗാമിയായി പുതിയൊരു സ്വതന്ത്ര സംവിധായകനെ കൂടി അവതരിപ്പിക്കുകയാണ് വയനാട് ഈ ചിത്രത്തിലൂടെ. അരുണ്‍.ഡി ജോസ് എന്ന കാവുംമന്ദം സ്വദേശിയാണ് ജോ. ആന്റ് ജോയുടെ സംവിധായകന്‍. സിനിമ തിയറ്ററില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍ ജന്മനാടും ആഘോഷത്തിലാണ്. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് അരുണ്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സ്‌കൂളിലെ മന്‍സൂര്‍ മാഷ് പറഞ്ഞിട്ടാണ് കുറച്ചുപേര്‍ ചേര്‍ന്ന് ഒരു ഡോക്യൂമെന്ററി ചെയ്യുന്നതെന്നും അന്നതു ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു കിക്കില്‍ നിന്നും തുടങ്ങിയ യാത്രയാണ് ജോ. ആന്റ് ജോയിലെത്തി നില്‍ക്കുന്നതെന്നും അരുണ്‍ പറയുന്നു. വര്‍ഷങ്ങളായി മലയാള സിനിമാരംഗത്തുണ്ട് അരുണ്‍. ആദ്യമായി അസിസ്റ്റ് ചെയ്തത് ആഷിഖ് അബുവിന്റെ ഡാഡി കൂള്‍ എന്ന സിനിമയിലാണ്. അതിനു വഴിയൊരുക്കിയത് മനോജ് കാരന്തൂരും. അവിടുന്ന് ഇങ്ങോട്ടു ഒരുപാട് സംവിധായകരുടെ കൂടെ ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റായും അസ്സോസിയേറ്റായും ചീഫ് അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു. പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവെച്ചു പോയാല്‍ നാട്ടിന്‍ പുറത്തിന്‍ മണവും മമതയും ഇത്തിരി കൊന്നപ്പൂവും കണ്ട് ഒരു ചെറുപുഞ്ചിരിയോടു കൂടി നിങ്ങള്‍ക്കീ സിനിമ കണ്ടിറങ്ങാമെന്ന് വിശ്വസിക്കുന്നതായി സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമ വിജയമാവട്ടെയെന്നും വയനാട്ടില്‍ നിന്നും ഇനിയും മികച്ച ചലചിത്രപ്രവര്‍ത്തകരുണ്ടാവട്ടേ എന്ന പ്രാര്‍ത്ഥനയിലാണ് ജന്മനാട്.

0Shares

Leave a Reply

Your email address will not be published.

Social profiles