കാട്ടില്‍ കലയരങ്ങു തീര്‍ത്ത് തിയറ്റര്‍ ക്യാമ്പ്

മാനന്തവാടി: ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും കുടുംബശ്രീ വയനാടും സംയുക്തമായി കുട്ടികള്‍ക്കായി നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂരില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ തിയറ്റര്‍ ക്യാമ്പ് കാട്ടില്‍ തീര്‍ത്തത് കലയരങ്ങ്. ഇക്കോ തിയറ്റര്‍ എന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തങ്ങളാണ് ക്യാമ്പില്‍ നടന്നത്. ഇത്തരത്തില്‍ സംഘടിപ്പിച്ച കേരളത്തിലെ ആദ്യത്തെ ആവിഷ്‌കരണത്തിനാണ് ബേഗൂരില്‍ തുടക്കമായത്. വ്യവസ്ഥാപിത നാടക പരിശീലനങ്ങളില്‍നിന്നു മാറി വിദ്യാര്‍ഥികള്‍ക് സ്വയം കണ്ടെത്തുന്നതിനും നവീകരിക്കുന്നതിനും അവരുടെ കഴിവ് പ്രകാശിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ ക്യാമ്പില്‍ ഒരുക്കി.
സ്റ്റേജ് രീതികളില്‍നിന്നു വ്യത്യസ്തമായി ഇതിവൃത്തൃങ്ങളുടെ അവതരണത്തിനു യോജ്യമായ ഇടങ്ങള്‍ നദിയിലും കാട്ടിലും പാറപ്പുറങ്ങളിലും പാടങ്ങളിലുമൊക്കെ കണ്ടുപിടിച്ചതിലൂടെ പ്രകൃതിയെ അടുത്തറിയുന്നതിനും വിഷയങ്ങള്‍ പ്രകൃതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അവതരിപ്പിക്കാനും കുട്ടികള്‍ക്കായി. വിദ്യാഭ്യാസ മേഖലയില്‍ തിയറ്ററിന്റെ അനന്തസാധ്യതകള്‍ തുറക്കുന്നതായി ക്യാമ്പ്. കല്ലുകളുടെയും ഇലകളുടെയും മരങ്ങളുടെയും നദിയുടെയും താളമറിഞ്ഞു വിഷയങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ അവയോരൊന്നും ഓരോ പെര്‍ഫോമന്‍സിലേക്കുള്ള ചുവടുവെപ്പാണെന്നു വിദ്യാര്‍ഥികള്‍ അറിഞ്ഞു.

കാടിനെ അറിഞ്ഞും സ്പര്‍ശിച്ചും കേട്ടും അനുഭവിച്ചും പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികള്‍ ഉള്ളിലേക്ക് ആവാഹിച്ചു. പാറക്കെട്ടുകള്‍, ജനവാസമുള്ള സ്ഥലങ്ങള്‍, നീര്‍ത്തടം, പുഴ, കാട് എന്നീ ഇടങ്ങളിലായി അരങ്ങു തീര്‍ത്തത് സങ്കീര്‍ണതകളെ സാധ്യതകളാക്കാനുള്ള പാഠവും കുട്ടികളിലേക്കു പകര്‍ന്നു. നാടകത്തെക്കുറിച്ചുണ്ടായിരുന്ന ബോധ്യങ്ങളെല്ലാം തച്ചുടച്ചു പുതുപുത്തന്‍ ചിന്തകളും പേറിയാണ് കുട്ടികള്‍ ക്യാമ്പ് വിട്ടത്.
കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി, ജൈവ വൈവിധ്യം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പിന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈപുണ്യവികസന പദ്ധതി ഡയറക്ടര്‍ ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍ നേതൃത്വം നല്‍കി.
ഡിവൈസിംഗ് പെര്‍ഫോമന്‍സ് രീതി ഉപയോഗിച്ച് സ്വന്തം അനുഭവങ്ങളിലൂടെ ക്രിയാത്മകമായ അറിവ് സൃഷ്ടിക്കാനും ഓരോ ഇടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശീലന ഘട്ടങ്ങള്‍ കുട്ടികളില്‍ ചുറ്റുപാടിനെക്കുറിച്ചു പുതിയ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍ പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകനും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ കെ.പീറ്റര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള കവി സുകുമാരന്‍ ചാലിഗദ്ദ, അഭിനേതാവും നാടന്‍പാട്ട് കലാകാരനുമായ ബിനു കിടിച്ചുലാന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എന്‍.ബാദുഷ, എം.ഗംഗാധരന്‍ എന്നിവര്‍ കുട്ടികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ ക്യാമ്പിലെത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 68 കുട്ടികളാണ് ബേഗൂര്‍ ഫോറസ്റ്റ് ഓഫീസില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്തത്. ഇതില്‍ 25 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles