കെട്ടിട നിര്‍മാണം: വൈത്തിരിയില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല

കല്‍പറ്റ: ദുരന്തനിവാരണ നിയമം അനുസരിച്ചു കെട്ടിട നിര്‍മാണത്തിനു വൈത്തിരി പഞ്ചായത്തില്‍ ബാധകമാക്കിയ നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. കെട്ടിട നിര്‍മാണ നിയന്ത്രണങ്ങളില്‍ ഇളവ് തേടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷും നിയന്ത്രണങ്ങള്‍ നിലനിര്‍ത്തണമെന്നു ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷയും നല്‍കിയ നിവേദനങ്ങള്‍ തീര്‍പ്പാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചതാണ് ഈ വിവരം.
വൈത്തിരി പഞ്ചായത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം എട്ടു മീറ്ററോ രണ്ടു നിലകളോ ആയി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിജപ്പെടുത്തിയിരുന്നു. പ്രളയകാലത്ത് വൈത്തിരി ടൗണിലും തളിപ്പുഴയിലും തകര്‍ന്നുവീണ കെട്ടിടങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ പൂര്‍ണമായ നിര്‍മാണ നിയന്ത്രണവും ബാധമാക്കി. ഈ പശ്ചാത്തലത്തില്‍ വൈത്തിരിയുടെ വികസനം, പൊതുജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം എന്നിവ കണക്കിലെടുത്ത് കെട്ടിടങ്ങളുടെ ഉയര പരിധി 13.5 മീറ്ററോ മൂന്നു നിലകളോ ആക്കണമെന്നും പ്രളയകാലത്തു തകര്‍ന്ന കെട്ടിടങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ വിദഗ്ധ സമിതി പഠനം നടത്തണമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്
2022 ഫെബ്രുവിരി മൂന്നിനു ഡി.ഡി.എം.എ ചെയര്‍പേഴ്‌സനു നല്‍കിയ നിവേദനത്തിലെ ആവശ്യം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വൈത്തിരിയിലടക്കം കെട്ടിട നിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രളയകാലത്ത് വൈത്തിരി പഞ്ചായത്ത് പരിധിയില്‍ ഇരുനില കെട്ടിടം പൂര്‍ണമായും ഭൂമിയിലേക്കു താണുപോയി. വ്യാപകമായ തോതില്‍ മണ്ണിടിച്ചിലും ഉണ്ടായി. ഇത്തരം ദുരന്തങ്ങള്‍ക്കു കാരണം വീടുകള്‍, റോഡുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനു അശാസ്്ത്രീയമായ മണ്ണെടുത്തതാണെന്നു ചൂണ്ടിക്കാട്ടിയും പഞ്ചായത്തില്‍ നിര്‍മാണ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടുമായിരുന്നു വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിവേദനം. രണ്ടു നിവേദനങ്ങളും പരിഗണിച്ച ഡി.ഡി.എം.എ ദുരന്ത സാധ്യത കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണത്തിനു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വൈത്തിരി പഞ്ചായത്തിനു മാത്രമായി പൊതുവായ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപന പരിധികളില്‍ കെട്ടിട നിര്‍മാണത്തിനു 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഉത്തരവുകളിലൂടെ നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലങ്ങളിലും 500 മീറ്റര്‍ പരിധിയിലും പഠനത്തിനു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധരെ നിയോഗിക്കാനും ഡി.ഡി.എം.എ തീരുമാനിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles