സഞ്ജുവിനെ വാനോളം പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ്

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ പ്ലേ ഓഫില്‍ എത്തിയതോടെ രാജസ്ഥാന്‍ ക്യാപ്റ്റനും മലയാളിയുമായി സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ സഞ്ജുവിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കുമ്പോഴാണ് ഇര്‍ഫാന്‍ ഈ മലയാളി താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി എത്തിയത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച യുവക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജുവെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. അതിനുളള കാരണവും ഇര്‍ഫാന്‍ വിശദകരിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് സഞ്ജുവിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്. ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ടോട്ടല്‍ പ്രതിരോധിക്കേണ്ടി വരുമ്പോഴാണ് ക്യാപ്റ്റന്റെ മികവ് അറിയാനാകുക. രാജസ്ഥാന്‍ റോയല്‍സ് ഇത് പതിവായി ചെയ്യുന്നുണ്ട്’ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് മലയാളി താരങ്ങളുടെ സാന്നിധ്യമാണ് രാജസ്ഥാനെ മലയാളിയുടെ പ്രിയടീമാക്കുന്നത്. ക്യാപ്റ്റന് പുറമെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍, മധ്യനിര ബാറ്റര്‍ കരുണ്‍ നായര്‍ എന്നിവര്‍ക്കും മലയാളി വേരുകളുണ്ട്. ഇവരും മലയാളം മനസ്സിലാവുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍. അശ്വിനും ഫീല്‍ഡിംഗിനിടെ മലയാളത്തില്‍ സംസാരിക്കുന്നത് പലപ്പോഴും കൗതുകമുണര്‍ത്താറുണ്ട്.
ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നാലെ ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമും രാജസ്ഥാന്‍ റോയല്‍സാണ്. കരുത്തരായ ലഖ്നൗ സൂപ്പര്‍ ജെയ്ന്റിന്‍സിനെ 24 റണ്‍സിന് തോല്‍പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചത്. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കുറവ് ടോസ് ലഭിച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഈ വെല്ലുവിളി മറികടന്ന് 13 മത്സരങ്ങളില്‍ ഒന്‍പതിലും ജയിച്ച് 16 പോയന്റാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles