പ്രതിസന്ധി: രണ്ടു പതിറ്റാണ്ടിനിടെ കേരളത്തില്‍ ആറായിരത്തിലധികം അച്ചടിശാലകള്‍ പൂട്ടി

കല്‍പറ്റ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു കേരളത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആറായിരത്തിലധികം അച്ചടിശാലകള്‍ പൂട്ടി. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംസ്ഥാനത്തു ചെറുതും വലുതും അടക്കം പതിനായിരത്തിലധികം അച്ചടി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴത് 3,700ല്‍ താഴെയാണ്. കടലാസും മഷിയും ഉള്‍പ്പെടെ സാമഗ്രികളുടെ വിലക്കയറ്റം, 2016ലെ നോട്ട് നിരോധനം, 2017ല്‍ ഏര്‍പ്പെടുത്തിയ ചരക്കുസേവന നികുതി, 2018ലെ പ്രളയം, 2019ലെ കോവിഡ് മഹാമാരി … ഇങ്ങനെ നീളുന്നതാണ് അച്ചടി വ്യവസായത്തിന്റെ തകര്‍ച്ചയ്ക്കു ഇടയാക്കിയ കാരണങ്ങളെന്നു കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികളായ വി.പി.രത്‌നരാജ്, വി.ജെ.ജോസ്, വി.രാജനന്ദനന്‍, കെ.ശ്യാം പ്രസാദ് എന്നിവര്‍ പറഞ്ഞു. ഇടത്തരം, ചെറുകിട പ്രസുകളാണ് പൂട്ടിയവയില്‍ അധികവും.
അച്ചടി സാമഗ്രികളുടെ വിലയില്‍ സമീപകാലത്തു മാത്രം വലിയ കയറ്റമാണ് ഉണ്ടായത്. ഒരു റീം ന്യൂസ് പ്രിന്റിന്റെ വില 2022 ജനുവരിയില്‍ 480 രൂപയായിരുന്നു. നിലവിലത് 850 രൂപയാണ്. എ4 സൈസ് പേപ്പര്‍ പായ്ക്കറ്റ് വില 160 രൂപയില്‍നിന്നു 260 രൂപയായി. ആര്‍ട് പേപ്പര്‍ വില കിലോഗ്രാമിനു 70 രൂപയായിരുന്നതു 130 രൂപയായി വര്‍ധിച്ചു. കറുപ്പുമഷി വില കിലോഗ്രാമിനു 320 രൂപയില്‍നിന്നു 480 രൂപയായി ഉയര്‍ന്നു. നീലമഷി വില കിലോഗ്രാമിനു 510 രൂപയായിരുന്നത് 680 രൂപയായി. മറ്റു വര്‍ണ മഷികളുടെ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായി. പ്ലേറ്റുകള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയും ഉയര്‍ന്നു.
കോവിഡ് ആഘാതത്തില്‍നിന്നു മോചിതമാകുന്ന ഘട്ടത്തിലാണ് അച്ചടി-അനുബന്ധ സാമഗ്രികളുടെയും അസംസ്‌കതൃത വസ്തുക്കളുടെയും വില ക്രമാതീതമായി വര്‍ധിച്ചത്. അച്ചടിക്കുള്ള കടലാസ് ഇനങ്ങളില്‍ പലതും ആവശ്യത്തിനു കിട്ടാനില്ലാത്ത സാഹചര്യവും ഉണ്ട്. അച്ചടി ജോലികളുടെ ദീര്‍ഘകാല കരാര്‍ എടുത്ത സ്ഥാപനങ്ങള്‍ സാമ്പത്തികക്കുഴപ്പത്തിലാണ്. പല സ്ഥാപനങ്ങളും കിട്ടാനുള്ള തുക ഉപേക്ഷിച്ചു കരാറില്‍നിന്നു പിന്‍വാങ്ങുന്ന സാഹചര്യമാണുള്ളത്.
കടലാസ് വിലക്കയറ്റം എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ നോട്ട് ബുക്കും പാഠപുസ്തകങ്ങളും അടക്കം കടലാസ് നിര്‍മിത ഉല്‍പന്നങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് അവരുടെ അനുമാനം. ഇറക്കുമതിക്കാരും ഉല്‍പാദകരും മൊത്ത-ചില്ലറ കച്ചവടക്കാരും കടലാസ് അമിത വിലയ്ക്കു വില്‍ക്കുന്നതിനു പുറമേ പൂഴ്ത്തിവെച്ച് മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നുണ്ടന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയില്‍ 2005ല്‍ വാറ്റ് നടപ്പിലാക്കിയപ്പോള്‍ അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി. ജി.എസ്.ടി വന്നപ്പോള്‍ അഞ്ചു മുതല്‍ 12 വരെ ശതമാനമായിരുന്നു ഭൂരിപക്ഷം അച്ചടി ഉല്‍പന്നങ്ങളുടെയും നികുതി നിരക്ക്. 2021 ഒക്ടോബറില്‍ ഇത് 18 ശതമാനമായി വര്‍ധിപ്പിച്ചത് അച്ചടി മേഖലയ്ക്കു കനത്ത ആഘാതമായി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അച്ചടി വ്യവസായത്തിന്റെ സംരക്ഷണത്തിനു നടപടികള്‍ സ്വീകരിക്കുന്നില്ല. തന്നെയുമല്ല, പേപ്പര്‍ ലെസ് പോളിസി നടപ്പിലാക്കാനുള്ള ശ്രമത്തിലുമാണ്. ഡയറികളും കലണ്ടറുകളും അച്ചടിക്കേണ്ടതില്ലെന്ന നിര്‍ദേശം വിവിധ വകുപ്പുകള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്.
അച്ചടി മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി 19നു ജില്ലാ ആസ്ഥാനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്നു ഭാരവാഹികള്‍ പറഞ്ഞു. അച്ചടിശാല ഉടമകള്‍ക്കു പുറമേ ജീവനക്കാരും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. അച്ചടിശാലകള്‍ പൂട്ടുന്നതുമൂലം അനേകം ആളുകളാണ് തൊഴില്‍രഹിതരാകുന്നത്.
കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ അടുത്തമാസം ഒന്നിനു ന്യൂസ് പ്രിന്റ് ഉല്‍പദനം തുടങ്ങും. അച്ചടിക്കു ആവശ്യമായ എല്ലാവിധ കടലാസുകളും ഉല്‍പാദിപ്പിക്കാന്‍ സ്ഥാപനത്തെ പ്രാപ്തമാക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് അസോസിയേഷഷന്‍. ചെറുകിട പ്രസുകളെ പുനഃസംഘടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും തയാറാകണമെന്നു കേന്ദ്ര സര്‍ക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തോടും സംസ്ഥാന വ്യവസായ വകുപ്പിനോടും ആവശ്യപ്പെടാനും അസോസിയേഷനു പദ്ധതിയുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles