കാലാവസ്ഥ സാക്ഷരതയുമായി മീനങ്ങാടി പഞ്ചായത്ത്

മീനങ്ങാടി പഞ്ചായത്തിന്റെ കാലാവസ്ഥ സാക്ഷരത പോസ്റ്റര്‍ പ്രസ്‌ക്ലബില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്യുന്നു.

മീനങ്ങാടി: രാജ്യത്തിന് മാതൃകയായ കാര്‍ബണ്‍ തുലിത മീനങ്ങാടി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥ സാക്ഷരത പരിപാടിയുമായി മീനങ്ങാടി പഞ്ചായത്ത്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍,വൈസ് പ്രസിഡന്റ് കെ. പി.നുസറത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി വര്‍ഗീസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ രാജേന്ദ്രന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വാസുദേവന്‍, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി കോ ഓര്‍ഡനേറ്റര്‍ അജിത് ടോമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം ഫലപ്രദമായി പ്രതിരോധിക്കാനും ആഘാതങ്ങള്‍ ലഘൂകരിക്കാനും ജനങ്ങളെ സജ്ജമാക്കുന്നതിനു കാലാവസ്ഥ സാക്ഷരത അനിവാര്യമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് കാലാവസ്ഥ സാക്ഷരത പരിപാടി നടപ്പിലാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തില്‍ ജനങ്ങളുടെ അറിവ് മനസ്സിലാക്കുന്നതിനു പഞ്ചായത്തില്‍ സര്‍വേ നടത്തിയിരുന്നു. 48 ശതമാനം പേരും കാലാവസ്ഥ വ്യതിയാനം ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളെക്കുറിച്ചും പ്രത്യാഘാതനങ്ങളെക്കുറിച്ചും ജനങ്ങളില്‍ ഏറിയ പങ്കും ബോധവാന്മാരല്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. എല്ലാ വാര്‍ഡുകളിലും യോഗങ്ങള്‍ വിളിച്ചു പോസ്റ്റര്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചാണ് ആദ്യഘട്ട സാക്ഷരത പ്രവര്‍ത്തനം. കൈപ്പുസ്തകവും പുറത്തിറക്കും. നവമാധ്യമങ്ങളിലൂടെയടക്കം പ്രചാരണത്തിലൂടെ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും സന്ദേശം എത്തിക്കും. കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിനാകെ വഴികാട്ടിയായ പഞ്ചായത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് കലാവസ്ഥ സാക്ഷരത പരിപാടി. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിരവധി പരിപാടികള്‍ പഞ്ചായത്ത് ആസൂത്രണം ചെയിട്ടുണ്ട്. ചൂതുപാറ, അപ്പപ്പാറ വാര്‍ഡുകളില്‍ നടപ്പാക്കിയ ട്രീ ബാങ്കിങ് പദ്ധതി മൂഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. മൂന്നു വര്‍ഷം വളര്‍ച്ചയെത്തിയ തേക്ക്, യൂക്കാലിപ്ട്‌സ്, സില്‍വര്‍ ഓക് ഒഴികെ മരങ്ങളുടെ ഉടമകള്‍ക്കു വൃക്ഷം ഒന്നിനു 50 രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് ട്രീ ബാങ്കിംഗ് പദ്ധതി. ഇതിനകം 159 കര്‍ഷകര്‍ക്കു 7,619 മരങ്ങള്‍ക്കു 3.75 ലക്ഷം രൂപ സാമ്പത്തിക സാഹായം നല്‍കി. വളര്‍ച്ചെയെത്തുന്ന മരം മുറിക്കുമ്പോള്‍ ഈ തുക ഉടമ തിരികെ നല്‍കണം.
എനര്‍ജി ഓഡിറ്റ് നടത്തി ഊര്‍ജക്ഷമത കൈവരിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ക്രമേണ ഫിലമെന്റ് രഹിത പഞ്ചായത്തായി മീനങ്ങാടിയെ മാറ്റും. മണ്ണിലെ കാര്‍ബണ്‍ ശേഖരം വര്‍ധിപ്പിക്കുന്നതിനു കാര്‍ബണ്‍ തുലിത കൃഷി രീതി നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കാലാവസ്ഥ സാക്ഷരത പരിപാടിയുടെ പോസ്റ്റര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles