രോഗ ശയ്യയില്‍ വൈരി; വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പട്ടികവര്‍ഗ വകുപ്പിനു അമാന്തം

പുല്‍പള്ളി: അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിവാസി വനിത പട്ടികവര്‍ഗ വികസന വകുപ്പിന്റെ അനാസ്ഥമൂലം വിദഗ്ധ ചികിത്സ ലഭിക്കാതെ ദുരിതത്തില്‍. പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍പ്പെട്ട ചെറുവള്ളി കാട്ടുനായ്ക്ക കോളനിയിലെ വൈരിക്കാണ്(42) ദുരനുഭവം. പാക്കം മൈലാടി കോളനിയിയിലായിരുന്ന വൈരി മാസങ്ങള്‍ മുമ്പാണ് ചെറുവള്ളി കോളനിയില്‍ വിവാഹിതയായി എത്തിയത്. രോഗിയായിരുന്ന വൈരി ചെറുവള്ളിയിലെത്തി അധികം കഴിയുന്നതിനുമുമ്പ് കിടപ്പിലായി. ഈ വിവരം മൂഴിമല ആരോഗ്യ ഉപകേന്ദ്രത്തിലെ നഴ്‌സ് കെ.എസ്.മഞ്ജുമോള്‍, പ്രദേശത്തെ ആശ വര്‍ക്കര്‍ ശ്യാമള എന്നിവര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് കോളനിയില്‍ എത്തിയ ട്രൈബല്‍ മൊബൈല്‍ യൂനിറ്റിലെ ഡോ.രമ്യ കോളനിവാസികളുടെ സഹായത്തോടെ വൈരിയെ പരിശോധിച്ചു. ഗുരുതരാവസ്ഥയിലാണെന്നുകണ്ടു പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു റഫര്‍ ചെയ്തു. ഇവിടെ പരിശോധനയില്‍ വൈരിയില്‍ ഹീമോഗ്ലോബിന്‍ (എച്ച്.ബി) അളവ് 2.2 ആണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നു സി.എച്ച്.സിയിലെ ഡോക്ടര്‍ വൈരിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വൈരിയുടെ വിവരം ഡോക്ടര്‍ കാപ്പിസെറ്റ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ രേഖാമൂലവും ഫോണിലൂടെയും അറിയിച്ചു. ബത്തേരിയില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ അഡ്മിറ്റ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കി. എന്നാല്‍ വൈരിയുടെ സഹായിയുടെ ചെലവ് വഹിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് തയാറായില്ല. രോഗിക്കു കൂട്ടുപോകാന്‍ ട്രൈബല്‍ പ്രമോട്ടര്‍ക്കു മേലധികാരിയുടെ നിര്‍ദേശവും ലഭിച്ചില്ല. സഹായിയുടെ ഭക്ഷണച്ചെലവിനുപോലും വകയില്ലാത്ത സാഹചര്യത്തില്‍ വൈരി അഡ്മിറ്റാകാതെ കോളനിയിലേക്കു മടങ്ങി. വീട്ടില്‍ മരണത്തെ മുഖാമുഖം കണ്ടു കഴിയുകയാണിപ്പോള്‍ അവര്‍.

റിപ്പോര്‍ട്ട്: ബാബു നമ്പുടാകം

0Shares

Leave a Reply

Your email address will not be published.

Social profiles