കെ.കെ.അബ്രഹാമിനെതിരെ വാര്‍ത്താസമ്മേളനം: അച്ചടക്ക നടപടി മരവിപ്പിച്ചു

കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാമിനെതിരെ വാര്‍ത്താസമ്മേളം നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടി കെ.പി.സി.സി താത്കാലികമായി മരവിപ്പിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായിരുന്ന പി.ആര്‍.ജനാര്‍ദനന്‍, ടി.എസ്.കുര്യന്‍ എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടിയാണ് മരവിപ്പിച്ചത്.
കെ.കെ.അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെ വായ്പ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്നു ബാങ്ക് ഭരണസമിതി സഹകരണ വകുപ്പ് പിരിച്ചുവിട്ടു. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക്. ആരോപണത്തില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം തുടരുകയാണ്.
ആഴ്ചകള്‍ മുമ്പാണ് പുല്‍പള്ളിയിലെ കോണ്‍ഗ്രസ് നേതാക്കളുമായ ജനാര്‍ദനനും കുര്യനും വയനാട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. വായ്പ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു ബാങ്ക് പ്രസിഡന്റിനും സെക്രട്ടറി ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ക്കുമാണ് ഉത്തരവാദിത്തമെന്നു ഇവര്‍ പറഞ്ഞു. വായ്പകളുമായി ബന്ധപ്പെട്ട ചില രേഖകളില്‍ തങ്ങളുടെ കള്ള ഒപ്പിട്ടതായി ആരോപിച്ചു. ഇക്കാര്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ കെ.പി.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്നു കഴിഞ്ഞ 18നാണ് ജനാര്‍ദനനെയും കുര്യനെയും കെ.പി.സി.സി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രദേശിക നേതൃത്വത്തില്‍ ഒരു വിഭാഗം നല്‍കിയ പരാതിയാണ് നടപടി മരവിപ്പിക്കുന്നതിനു ഇടയാക്കിയത്.
ബാങ്കുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണങ്ങള്‍ ആദ്യം മുതല്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ, ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.നിയാസ് എന്നിവരെ കെ.പി.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles