വഞ്ചനക്കേസില്‍ കിസാന്‍ മിത്ര സി.ഇ.ഒ റിമാന്റില്‍

കല്‍പറ്റ: എറണാകുളം ജവഹര്‍ നഗറിലെ പി.ടി.ചാക്കോ മെമ്മോറിയല്‍ കിസാന്‍ മിത്ര പ്രൊഡ്യൂസര്‍ കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കോഴിക്കോട് ഓമശേരി കാഞ്ഞിരത്തിങ്കല്‍ മനോജ് ചെറിയാനെ വഞ്ചനക്കേസില്‍ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. ഫീല്‍ഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തി കര്‍ഷകരെ ഓഹരിയുടമകളാക്കി തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിനിരയായ ഓഹരിയുടമകളും ഫീല്‍ഡ് ജീവനക്കാരും മനോജ് ചെറിയാനെതിരെ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ മനോജ് ചെറിയാനെ റിമാന്റ് ചെയ്തു.
കമ്പനിയുടെ 1,000 രൂപ മുഖവിലയുള്ള ഓഹരികളാണ് കര്‍ഷകര്‍ എടുത്തിരുന്നത്. നബാര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് കമ്പനിയുടെ നടത്തിപ്പെന്നും പ്രാവര്‍ത്തികമാക്കുന്നതു കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളാണെന്നും കമ്പനി മേധാവികള്‍ പ്രചരിപ്പിച്ചിരുന്നു. ഓഹരി ഉടമകള്‍ക്കു കുറഞ്ഞ പലിശയ്ക്കു വായ്പ, ഉയര്‍ന്ന വിലയില്‍ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, വിഷരഹിത നിത്യോപയോഗസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കല്‍, കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്ന യൂനിറ്റുകള്‍ സ്ഥാപിക്കല്‍, യന്ത്രവത്കരണത്തിലൂടെ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ പരിശീലനം തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്തിരുന്നു.
മുന്‍ കേന്ദ്ര മന്ത്രിയുമായ കമ്പനി ഡയറക്ടര്‍ പി.സി.തോമസിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി ധാരാളം കേന്ദ്ര പദ്ധതികള്‍ കിസാന്‍ മിത്ര എറ്റെടുത്തു നടത്താന്‍ പോകുകയാണെന്നു കമ്പനി സി.ഇ.ഒ സ്റ്റാഫ് മീറ്റിംഗുകളില്‍ ആവര്‍ത്തിച്ചിരുന്നു. ഓഹരിയുടമകള്‍ക്കു മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പനിയുമായി സഹകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അപേക്ഷിക്കുന്ന മുറയ്ക്കു ഓഹരി സംഖ്യ തിരികെ ലഭ്യമാക്കുമെന്നും മൂന്നു വര്‍ഷത്തിനുശേഷമെങ്കില്‍ ലാഭവിഹിതം നല്‍കുമെന്നും സ്ഥാപന മേധാവികള്‍ വാഗ്ദാനം നല്‍കിയിരുന്നു. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാഭായി കമ്പനി ഡയറക്ടറാണെന്നും പ്രചരിപ്പിച്ചു.
2019 മെയില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി സംസ്ഥാന വ്യാപകമായി ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗപ്പെടുത്തി ആയിരക്കണക്കിനു കര്‍ഷകരെയാണ് ഓഹരിയുടമകളാക്കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഓഹരി പിരിവ് നടന്നത്. വാഗ്ദാനങ്ങളില്‍ പലതും പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തിലാണ് ഓഹരി ഉടമകളും ഫീല്‍ഡ് ജീവനക്കാരും പോലീസിനെ സമീപിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles