ഊട്ടി: പൂക്കള്‍ പൂക്കും നഗരം

ഫ്‌ളവര്‍ഷോ കാണാന്‍ വന്‍തിരക്ക്

ഊട്ടി: ആറുലക്ഷം പൂക്കളുടെ കാഴ്ചക്കൗതുകം തീര്‍ത്ത് ഊട്ടി ഫ്‌ളവര്‍ഷോ സഞ്ചാരികളുടെ ഹൃദയം കവരുന്നു. വസന്തോത്സവത്തിന്റെ പ്രധാന ഇനമായ ഫ്‌ളവര്‍ഷോ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തതോടെ ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. മഴയെയും മറികടന്നാണ് കാണികള്‍ ഊട്ടിയിലേക്ക് കുടുംബസമേതം എത്തുന്നത്.
ഒരു ലക്ഷം കാര്‍ണേഷന്‍ പൂക്കളും മകുടം ചാര്‍ത്തുന്ന കാര്‍ഷിക സര്‍വകലാശാല കെട്ടിടത്തിന്റെ മുഖചിത്രമാണ് ഇത്തവണത്തെ പുഷ്പമേളയിലെ പ്രധാന ആകര്‍ഷണം. നീലഗിരിയിലെ ആദിവാസികളുടെ ചിത്രമാണ് കൊയോട്ടി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ‘ഊട്ടി 200’. ഇന്‍കാ മേരി ഗോള്‍ഡ്, ഫ്രഞ്ച് മേരി ഗോള്‍ഡ്, ബ്ലാക്ക്സ്, പെറ്റൂണിയ, പാന്‍സി, ഡയന്റസ്, ബെഗോണിയ, ഡാലിയ, ബാല്‍സം, റെനോ, വയോള, അസിറാറ്റം, കലണ്ടുല, ക്ലോഡിയോലോസ്, ലിലിയം, സണ്‍ഫ്‌ലവര്‍, സപ്‌നാരിയ തുടങ്ങിയവ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി 35,000 പൂച്ചട്ടികളാണ് ഫ്‌ളവര്‍ ഷോറൂമുകളില്‍ അലങ്കരിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും തെക്കിന്റെ കാശ്മീരായ ഊട്ടിയിലേക്ക് എത്തുന്നുണ്ട്. 275 ഇനം പുഷ്പങ്ങളാണ് മേളക്കായി ഒരുക്കിയിരിക്കുന്നത്. 5.5 ലക്ഷം ചെടികളാണ് കഴിഞ്ഞ ജനുവരി മുതല്‍ ഗാര്‍ഡനില്‍ മേളക്കായി നട്ട് പരിപാലിച്ച് പോന്നത്. ബോണ്‍സായ് ഗാര്‍ഡന്‍, റോസ് ആന്റ് ഓര്‍ക്കിഡ് ഗാര്‍ഡന്‍, ലാന്‍ഡ്സ്‌കേപ്പ് ഗാര്‍ഡന്‍ എന്നിവയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍. നാടന്‍ പൂക്കളുടെയും ലോകത്തെമ്പാടുമുള്ള അപൂര്‍വ സസ്യങ്ങളുടെയും പ്രദര്‍ശനവും ഇതിനോടൊപ്പം ഉണ്ട്.
124ാമത് വസന്തോത്സവത്തിന് കോത്തഗിരിയില്‍ ആരംഭിച്ച പച്ചക്കറി പ്രദര്‍ശന മേളയോടെയാണ് ഇത്തവണ തുടക്കമായത്. ഊട്ടി ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേളയും റോസ് ഗാര്‍ഡനില്‍ നടക്കുന്ന റോസ് മേളയും ഗൂഡല്ലൂരില്‍ നടക്കുന്ന സുഗന്ധവ്യഞ്ജന മേളയും കുന്നൂര്‍ സിംസ് പാര്‍ക്കില്‍ നടക്കുന്ന പഴവര്‍ഗ പ്രദര്‍ശന മേളയുമടങ്ങുന്നതാണ് നീലഗിരിയുടെ വസന്തോത്സവം. കോത്തഗിരി നെഹ്‌റു പാര്‍ക്കിലാണ് പച്ചക്കറി പ്രദര്‍ശന മേള നടക്കുന്നത്. ഇവിടെ പച്ചക്കറികളാല്‍ വിവിധ രൂപങ്ങള്‍ തീര്‍ത്ത് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഒന്നര ടണ്‍ ക്യാരറ്റ്, 600 കിലോ മുള്ളങ്കി എന്നിവയില്‍ തീര്‍ത്ത ഒട്ടകവും കുഞ്ഞുമാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. പച്ചക്കറികളില്‍ തീര്‍ത്ത മത്സ്യത്തിന്റെ രൂപവും ക്ലോക്കും ഗിറ്റാറും കാളയുമെല്ലാം സഞ്ചാരികള്‍ക്ക് വിരുന്നൂട്ടിയിരുന്നു. ഇത് കൂടാതെ ഊട്ടിയുടെ 200 വര്‍ഷങ്ങളെ വരച്ചുക്കാട്ടുന്ന സ്തൂപവും വിവിധ ജില്ലകളില്‍ നിന്നുള്ള കാര്‍ഷിക വകുപ്പിന്റെ പ്രദര്‍ശന മേളകളും ശ്രദ്ധേയമായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles