മഴക്കാല മുന്നൊരുക്കം; മൃഗങ്ങള്‍ക്കും കൈതാങ്ങ്

കല്‍പറ്റ: പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പ്രളയത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കാന്‍ പദ്ധതി തുടങ്ങി. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ‘മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി’ എന്ന പദ്ധതി ജില്ലയില്‍ തുടങ്ങിയത്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെയും, കന്നുകാലികളെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ദുരന്തസാധ്യതാ മുന്നറിയിപ്പുള്ള പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ റസ്‌ക്യൂ സംഘടനകള്‍ക്ക് പ്രാഥമിക ശുശ്രൂഷയില്‍ പരിശീലനം, മൃഗങ്ങളെ റെസ്‌ക്യൂ സമയത്തു കൈകാര്യം ചെയ്യേണ്ട രീതികള്‍, വാര്‍ഡ് തലത്തില്‍ മൃഗങ്ങള്‍ക്കായുള്ള താത്ക്കാലിക അഭയകേന്ദ്രം ഒരുക്കല്‍ ഇതിന് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ബദല്‍ സംവിധാനം രൂപപ്പെടുത്തല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഇതിന് മുന്നോടിയായി പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ടി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍ ഡോ. രതീഷ് തിരഞ്ഞെടുക്കപ്പെട്ട രക്ഷാപ്രവര്‍ത്തന ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള പരിശീലന ക്ലാസ് നയിച്ചു. ക്ഷീര കര്‍ഷകര്‍, വാര്‍ഡ് മെമ്പര്‍മാര്‍, മൃഗസംരക്ഷണ സന്നദ്ധ സേനകള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ ഉദ്ഘാടനം ചെയ്തു. പനമരം ക്ഷീരോത്പാദകസംഘം പ്രസിഡന്റ് ഇ. ജെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ പ്രവീണ്‍ എസ്, എ. കെ ജയ്ഹരി, ഡോ. കരുണാകരന്‍, ദുരന്ത നിവാരണ വിഭാഗം കണ്‍സള്‍റ്റന്റ് അഖില്‍ എന്നിവര്‍ പരിശീനത്തിന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles