നീന്തല്‍ പരിശീലകന്‍ അറക്കല്‍ കുഞ്ഞീദിനു കല്‍പറ്റ നഗരസഭയുടെ ആദരം

കല്‍പറ്റ മുച്ചിക്കുണ്ടിലെ നീന്തല്‍ പരിശീലകന്‍ അറക്കല്‍ കുഞ്ഞിദീനു മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മൂജീബ് ഉപഹാരം നല്‍കുന്നു.

കല്‍പറ്റ: എഴുപത്തിനാലാം വയസ്സിലും നീന്തിയും നീന്തല്‍ പഠിപ്പിച്ചും ജീവിതയാത്ര തുടരുന്ന കല്‍പറ്റ അറക്കല്‍ കുഞ്ഞീദിനു നഗരസഭയുടെ ആദരം. മുച്ചിക്കുണ്ട് കുളി കൂട്ടായ്മയിലെ മുതിര്‍ന്ന അംഗവുമായ കുഞ്ഞീദിനെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ജെ.ഐസക്, കൗണ്‍സിലര്‍ ഡി.രാജന്‍സ കെ.സച്ചിദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കുഞ്ഞീദിനുള്ള ഉപഹാരം ചെയര്‍മാന്‍ കൈമാറി.
നഗരത്തില്‍നിന്നു രണ്ടര കിലോമീറ്റര്‍ അകലെ ചുഴലിയിലെ മില്‍മ വയനാട് ഡയറിക്കടുത്താണ് മുച്ചിക്കുണ്ട് ജലാശയം. ദിവസവും രാവിലെ കുഞ്ഞീദ് മുച്ചിക്കുണ്ടിലെത്തും. എട്ടര വരെയാണ് നീന്തലും നീന്തല്‍ പഠിപ്പിക്കലും. കുട്ടികളാണ് കുഞ്ഞീദിന്റെ ശിഷ്യമന്‍മാരില്‍ അധികവും. 21 പേരടങ്ങുന്ന കുളി കൂട്ടായ്മയില്‍പ്പെട്ടവരും രാവിലെ മുച്ചിക്കുണ്ടിലെത്തും. ഇതിനകം 252 കുട്ടികളെ തനിച്ചും കുളി കൂട്ടായ്മ അംഗങ്ങള്‍ക്കൊപ്പം 400 കുട്ടികളെയും നീന്തല്‍ പഠിപ്പിച്ചിട്ടുണ്ടെന്നു കുഞ്ഞീദ് പറയുന്നു. സലീം പാലക്കുന്ന്, വി.ടി.റഊഫ്, ടി.ജോസഫ്, മാട്ടില്‍ അലവി, ഇഖ്ബാല്‍ ചീനമ്പാടന്‍, നാസര്‍ അറക്കല്‍, മുഹമ്മദ് പുതുക്കുടി, പയന്തോത്ത് അലി,അമീര്‍ പൊന്നാറത്ത്,കെ.പി.ഹാരിസ്… ഇങ്ങനെ നീളുന്നതാണ് കുളി കൂട്ടായ്മയിലെ അംഗങ്ങളുടെ നിര.
മുച്ചിക്കുണ്ടില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നവീകരണം നടന്നുവരികയാണ്. 10 ലക്ഷം രൂപ ചെലവില്‍ തടയണ നിര്‍മാണം അടുത്തകാലത്തു നടത്തി. പൂത്തൂര്‍വയല്‍ മണിക്കുന്നുമലയില്‍നിന്നും ചെമ്പ്ര മലയില്‍നിന്നും എത്തുന്ന വെള്ളമാണ് മുച്ചിക്കുണ്ടിനെ ധന്യമാക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles