മാസ്റ്റേഴ്‌സ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക് മീറ്റ്: നാല് ഇനങ്ങളില്‍ സ്വര്‍ണവുമായി മാത്യു

കല്‍പറ്റ: തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്‌സ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക് മീറ്റില്‍ നാല് ഇനങ്ങളില്‍ ഒന്നാം സ്ഥാനവുമായി വയനാട് സ്വദേശി. ചെന്നലോട് വലിയനിരപ്പില്‍ മാത്യുവാണ് 10,000, 1,500, 800 മീറ്റര്‍ ഒാട്ടത്തിലും 4 * 100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയത്. മെയ് 15നു ബംഗളൂരുവില്‍ നടന്ന ടി.സി.എസ് ഇന്റര്‍നാഷണല്‍ മാരത്തണില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു മാത്യു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ 16,17 തീയതികളില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 1,500, 800 മീറ്റര്‍ ഓട്ടത്തിലും ഒന്നാമനായി.
മുന്‍ സൈനികനാണ് 70 പിന്നിട്ട മാത്യു. 21-ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നു സുബേദാറായാണ് വിരമിച്ചത്. നാട്ടില്‍ തിരിച്ചെത്തി കൃഷിയില്‍ വ്യാപൃതനായതിനിടെയാണ് കായികരംഗത്തേക്കു തിരിഞ്ഞത്. ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013,2014,2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ മിസ്റ്റര്‍ വയനാടായി. പിന്നീടാണ് ദീര്‍ഘദൂര ഓട്ടക്കാരനായത്. പട്ടാളത്തിലായിരുന്നപ്പോള്‍ മാത്യു റെജിമെന്റ് തലത്തില്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ഈ അനുഭവമാണ് ദീര്‍ഘദൂരത്തില്‍ ഒരുകൈ നോക്കാന്‍ പ്രചോദനമായത്. 2018ല്‍ ഹൈദരാബാദില്‍ നടന്ന 10 കിലോമീറ്റര്‍ നടന്ന വേള്‍ഡ് മാരത്തണില്‍ സൂപ്പര്‍ വെറ്ററണ്‍ കാറ്റഗറിയില്‍ മാത്യുവാണ് ആദ്യം ഫിനിഷ് ചെയ്തത്. ഭാര്യ എത്സമ്മയും ഷെറിന്‍, സ്വപ്‌ന, സിജോ എന്നീ മക്കളും അടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles