വയനാട് പുത്തങ്ങാടി ജനാര്‍ദനഗൂഡി പുനര്‍നിര്‍മാണം: ആദ്യഘട്ടം പ്രവൃത്തി പൂര്‍ത്തിയാകുന്നു

ജനാര്‍ദനഗുഡിയില്‍നിന്നു പൊളിച്ച കല്‍ത്തൂണുകളും പാളികളും അടുക്കിവെച്ച നിലയില്‍.

കല്‍പറ്റ-ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) തൃശൂര്‍ സര്‍ക്കിളിനു കീഴില്‍ വയനാട് പനമരം പുത്തങ്ങാടിയില്‍ ജനാര്‍ദനഗുഡി എന്ന പേരില്‍ അറിയപ്പെടുന്ന കല്ലമ്പലം പുതുക്കിപ്പണിയുന്നതിന്റെ ആദ്യഘട്ടം പ്രവൃത്തി പൂര്‍ത്തിയാകുന്നു. ജനാര്‍ദന ഗുഡിയിലെ കൊത്തുപണികളോടുകൂടിയ കൂറ്റന്‍ ശിലാപാളികളും തൂണുകളും നമ്പറിട്ട് യന്ത്രസഹായത്തോടെ പൊളിച്ചടുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായുള്ള കരാര്‍ സ്ഥാപനത്തിലെ തൊഴിലാളികളാണ് എ.എസ്.ഐ ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശമനുസരിച്ചു കല്ലമ്പലം പൊളിക്കുന്ന പ്രവൃത്തി നടത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതെന്നു കരുതുന്ന ജനാര്‍ദനഗുഡിയുടെ ശ്രീകോവില്‍, അന്തരാളം-ഒന്ന്, അന്തരാളം-രണ്ട്, മഹാമണ്ഡപം എന്നീ ഭാഗങ്ങള്‍ ഇതിനകം പൊളിച്ചു. മുഖമണ്ഡപം, സോപാനം എന്നീ ഭാഗങ്ങള്‍ പൊളിക്കുന്ന പ്രവൃത്തി പുരോഗതിയിലാണ്.
ശ്രീകോവില്‍ ഭാഗത്ത് അടിത്തറ തറപൊളിക്കുന്നതു താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. കഴിഞ്ഞദിവസം യന്ത്രസഹായത്തോടെ അടിത്തറ പൊളിക്കുന്നതിനിടെ ചെറിയ ലോഹ വിഗ്രഹം ലഭിച്ച സാഹചര്യത്തിലാണിത്. ശ്രീകോവില്‍ ഭാഗം പുറമേനിന്നു കാഴ്ച മറയ്ക്കുംവിധം കെട്ടിത്തിരിച്ചിച്ച് സന്ദര്‍ശകര്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എ.എസ്.ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധയ്ക്കുശേഷം ഇവിടെ അടിത്തറ പൊളിച്ച് മണ്ണുനീക്കുന്ന പ്രവൃത്തി പുനരാരംഭിക്കും. പ്രവൃത്തിക്കിടെ ലഭിച്ച വിഗ്രഹം ലോഹ നിര്‍മിതമാണെന്നല്ലാതെ കുടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ എ.എസ്.ഐ പുറത്തുവിട്ടിട്ടില്ല. തൃശൂര്‍ സര്‍ക്കിളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിഗ്രഹം പരിശോധനയ്ക്കു കൊണ്ടുപോയിരിക്കയാണ്. പരിസരവാസികളെ കാണിച്ചു സാക്ഷ്യപ്പെടുത്താതെയും ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് ചെയ്യാതെയും വിഗ്രഹം കൊണ്ടുപോയത് ചരിത്രപ്രേമികളുടെ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.
പുത്തങ്ങാടിയില്‍ രണ്ടു കല്ലമ്പലങ്ങളാണുള്ളത്. ജനാര്‍ദനഗുഡിയും വിഷ്ണുഗുഡിയും. പനമരം-നീര്‍വാരം റോഡരികിലാണ് ജനാര്‍ദന ഗുഡി. വിഷ്ണുഗുഡി പനമരം-നടവയല്‍ റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്. ഭാഗികമായി തകര്‍ന്ന നിലയിലാണ് വിഷ്ണുഗുഡിയും. ഈ ദേശീയ സ്മാരകം എ.എസ്.ഐ വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.
നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ എന്‍ഷ്യന്റ് മോണുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്ത് എ.എസ്.ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്. സ്വകാര്യ തോട്ടം ഉടമയുടെ കൈവശത്തിലായിരുന്ന വിഷ്ണുഗുഡി 2015ലും ജനാര്‍ദനഗുഡി 2016ലുമാണ് ദേശീയ സ്മാരകങ്ങളായി വിജ്ഞാപനം ചെയ്തത്. ഇതിനു മുന്നോടിയായി രണ്ടിടങ്ങളിലും കല്ലമ്പലങ്ങളും അവ സ്ഥിതിചെയ്യുന്നതടക്കം 15 സെന്റ് വീതം ഭൂമിയും തോട്ടം ഉടമകള്‍ എ.എസ്.ഐയ്ക്കു വിട്ടുകൊടുത്തിരുന്നു. പുത്തങ്ങാടി പ്രസന്നനിലയം പരേതനായ വിജയശര്‍മ-ജയശ്രീ ദമ്പതികളുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയിലാണ് ജനര്‍ദനഗുഡി. വിഷ്ണുഗുഡിയും അതുള്ളതടക്കം ഭൂമിയും പരേതനായ എം.സി.അജിത്കുമാര്‍-ശ്രീകാന്ത ദമ്പതികളുടെ മകന്‍ പി.എ.പാര്‍ശ്വനാഥനാണ് വിട്ടുകൊടുത്തത്. വിഷ്ണുഗുഡിയില്‍നിന്നു ഏകേദേശം 700 മീറ്റര്‍ മാറിയാണ് ജനാര്‍ദനഗുഡി. ജനാര്‍ദനഗുഡിയും ഭൂമിയും കൈമാറിയ കുടുംബത്തിലെ അംഗം പി.വി.ചന്ദ്രസേനനെ ശിലാപാളികളും തൂണുകളും പൊളിച്ചടുക്കുന്ന പ്രവൃത്തിക്കു മേല്‍നോട്ടം വഹിക്കാന്‍ എ.എസ്.ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജനാര്‍ദനഗുഡി പുനര്‍നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് എ.എസ്.ഐ ഉദ്യോഗസ്ഥര്‍. 2009ലെ മഴക്കാലത്തു ജനാര്‍ദനഗുഡിയുടെ ചില ഭാഗങ്ങള്‍ നിലംപൊത്തി തൂണുകളും പാളികളും ഉടഞ്ഞിരുന്നു. തുരന്ന് കമ്പികളിട്ടു ബന്ധപ്പിക്കാന്‍ കഴിയാത്ത വിധം ഉടഞ്ഞ പാളികളും തൂണുകളും മാറ്റിസ്ഥാപിക്കണം. ഇതിനാവശ്യമായ ശിലകള്‍ കര്‍ണാടകയില്‍നിന്നോ തമിഴുനാട്ടില്‍നിന്നോ എത്തിക്കണം.
ജനാര്‍ദനഗുഡിയിലെ ശിലാപാകളിലൊന്നില്‍ പഴയ കന്നട ലിപിയിലുള്ള എഴുവരി എഴുത്തണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ച ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്‍മാരാണ് കല്ലമ്പലങ്ങള്‍ പണിതതെന്നാണ് ചരിത്രകാരന്‍മാരില്‍ ചിലരുടെ അഭിപ്രായം. ഗതകാലത്തു മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പ്രസിദ്ധമായിരുന്നു പുത്തങ്ങാടിയെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published.

Social profiles