വീണ്ടും വേരുപിടിച്ച് വയനാട് ടൂറിസം

വീണ്ടും തളിരണിയുകയാണ് സഞ്ചാരികളുടെ വയനാടന്‍ വിരുന്നുശാല. കോവിഡ് പ്രഹരത്തില്‍ പാടെ തളര്‍ന്ന ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒരിടവേളയക്കുശേഷം ഉണരുകയാണ്. കോഴിക്കോടും കണ്ണൂരും മലപ്പുറവും ഉള്‍പ്പെടെ സമീപ ദേശങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ സാന്നിധ്യം സജീവമാക്കുകയാണ് വിനോദസഞ്ചാര ഇടങ്ങളെ. നിയന്ത്രണങ്ങളില്‍ ഇളവുകളായതോടെ റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും ആളനക്കമായി. ടൂറിസം മേഖലയിലെ നിക്ഷേപകരുടെ ശോകം തളംകെട്ടിയിരുന്ന മുഖങ്ങളില്‍ മൃദുഹാസം വിരിയുകയാണ്. ടൂറിസത്തെ ഗ്രസിച്ച ശനിദശ കോവിഡ് പത്തിയൊതുക്കുന്നതോടെ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രതിസന്ധിയുടെ നെല്ലിപ്പടികണ്ട നിക്ഷേപകര്‍.

*വൈവിധ്യസമൃദ്ധിയുടെ വര്‍ണപ്പകിട്ട്
വൈവിധ്യസമൃദ്ധമാണ് വയനാടന്‍ വിനോദസഞ്ചാര രംഗം. പ്രകൃതിസ്‌നേഹികള്‍, ചരിത്രകുതുകികള്‍, സാഹസികര്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയവരുടെ മനസ്സുനിറയ്ക്കുന്നതാണ് വയനാടന്‍ കാഴ്ചകളും അനുഭവങ്ങളും. ജില്ലയുടെ ചരിത്രപൈതൃകത്തിലേക്കു വിരല്‍ ചൂണ്ടുന്ന അമ്പുകുത്തിമലനിരയിലെ എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍, പൂക്കോടിലെയും കര്‍ലാടിലെയും നൈസര്‍ഗിക ശുദ്ധജല തടാകങ്ങള്‍, കാവേരിയിലേക്കു പ്രവഹിക്കുന്ന കബനി നദിയുടെ മാന്ത്രികസൃഷ്ടിയെന്ന വിശേഷിപ്പിക്കാവുന്ന കുറുവ ദ്വീപ് സമൂഹം, ആനയും കടുവയും കാട്ടിയും ഉള്‍പ്പെടെ വന്യജീവികള്‍ വസിക്കുന്ന കാനനം, വനപ്രതീതി ജനിപ്പിക്കുന്ന കാപ്പിത്തോട്ടങ്ങള്‍, ചെറുകുന്നുകളെ പച്ചയുടുപ്പിച്ച തേയിലക്കാടുകള്‍, നോക്കെത്താദൂരത്തില്‍ പരന്നുകിടക്കുന്ന നെല്‍വയലുകള്‍, ബ്രഹ്‌മഗിരി മലയടിവാരത്തെ തെക്കന്‍കാശിയെന്നു പുകള്‍പെറ്റ തിരുനെല്ലി ക്ഷേത്രം, സൂചിപ്പാറ, മീന്‍മുട്ടി, ബാണാസുര, കാന്തന്‍പാറ, പാണ്ടുവന്‍പാറ വെളളച്ചാട്ടങ്ങള്‍, പഴശ്ശിരാജ വീരചരമം പ്രാപിച്ച പുല്‍പള്ളി മാവിലാംതോട്, മാനന്തവാടി പഴശ്ശികുടീരം, ചീങ്ങേരി റോക്ക് ഗാര്‍ഡന്‍, ചെമ്പ്രമല, കാരാപ്പുഴയിലെയും ബാണാസുരസാഗറിലെയും റിസര്‍വോയറുകള്‍… ഇങ്ങനെ നീളുന്നതാണ് വയനാടന്‍ ടൂറിസം ചെപ്പിലെ രത്‌നക്കല്ലുകളുടെ നിര. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായുള്ള സമീപ്യവും നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വയനാടിന്റെ മറ്റൊരാകര്‍ഷണമാണ്. വയനാട് വന്യജീവി സങ്കേതവുമായി അതിരിടുന്നതാണ് കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങള്‍. കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്നു ഒമ്പതു മുടിപ്പിന്‍ വളവുകളുള്ള ചുരപ്പാതയിലുടെ വയനാട് അതിര്‍ത്തിയിലെ ലക്കിടിയിലേക്കുള്ള യാത്രതന്നെ സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്നതാണ്.

*പിടിച്ചുലച്ച് മഹാമാരി
2018ലെ പ്രളയത്തിനും ജില്ലയ്ക്കു പുറത്തുണ്ടായ നിപ്പാ വൈറസ് ബാധയ്ക്കും പിന്നാലെ തുടങ്ങിയതാണ് വയനാടന്‍ ടൂറിസത്തിന്റെ കഷ്ടകാലം. കോവിഡ്-19 വ്യാപനം മൂലം ശതകോടികളുടെ നഷ്ടമാണ് വയനാടന്‍ ടൂറിസം മേഖലയില്‍ ഉണ്ടായത്. 2018 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ മാത്രം ജില്ലയില്‍ ടൂറിസം രംഗത്തു ഏകദേശം 600 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ടൂറിസം സീസണുകളിലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. നിരവധി സംരഭകരാണ് കുത്തുപാളയെടുത്തത്.
കൊറോണ വൈറസ് വ്യാപനം ജില്ലയില്‍ ടൂറിസം രംഗത്തു ആയിരക്കണക്കിനാളുകളെയാണ് ദുരിതത്തിലായത്. റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, ഹോട്ടല്‍, ടൂറിസ്റ്റ് ബസ്, ട്രാവലര്‍, ടാക്‌സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും കണ്ണീരണിഞ്ഞു.
2000നുശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജില്ലയില്‍ ടൂറിസം മേഖലയില്‍ വന്‍തോതിലുള്ള സ്വകാര്യ നിക്ഷേപമാണ് നടന്നത്. പരിസ്ഥിതി സൗഹൃദ-സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ രാജ്യത്തിനു പുറത്തും ശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് വയനാട്ടില്‍ മുതല്‍മുടക്കാന്‍ ടൂറിസം സംരംഭകര്‍ തയാറായത്. ജില്ലയില്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അല്ലാതെയും നിരവധി റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും സര്‍വീസ്ഡ് വില്ലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പുറമേ.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചമൂലം ജില്ലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമായി ടൂറിസം മേഖലയെയാണ് ഭരണാധികാരികളടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. ഉത്തരവാദ ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത 1500 ഓളം യൂനിറ്റുകള്‍ ജില്ലയിലുണ്ട്. കരകൗശല വസ്തു നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം, തുണി സഞ്ചി നിര്‍മാണം, നെയ്ത്ത്, ജൈവ പച്ചക്കറി ഉത്പാദനം, മൂല്യവര്‍ധിത ഭക്ഷ്യോത്പന്ന നിര്‍മാണം, ഇളനീര്‍ വില്‍പന, ഹോംസ്റ്റേ, ടെന്റഡ് അക്കോമഡേഷന്‍, ഫാം വിസിറ്റ്, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ മേഖലകളിലാണ് ഉത്തരവാദ ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂനിറ്റുകളുടെ പ്രവര്‍ത്തനം.

*ആഘാതങ്ങളില്‍നിന്നു കരകയറാന്‍ ശ്രമം
ആഘാതങ്ങളില്‍നിന്നു കരകയറാനുള്ള ശ്രമം ടൂറിസം മേഖലയില്‍ നടന്നുവരികയാണ്.
ജില്ലയിലെ രണ്ടാമത്തെ വലിയ തൊഴില്‍ മേഖലയാണ് ടൂറിസവും അനുബന്ധ വ്യവസായങ്ങളും. നേരിട്ടും അല്ലാതെയും 30,000 പേര്‍ക്കു തൊഴില്‍ നല്‍കിയിരുന്നതാണ് ടൂറിസം വ്യവസായം. ജില്ലയുടെ ജി.ഡി.പിയുടെ 25 ശതമാനം ടൂറിസം മേഖലയുടെ സംഭവനയായിരുന്നു.


വിദേശങ്ങളില്‍നിന്നടക്കം കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും അതുവഴി ജില്ലയുടെ സമ്പദ്‌വ്യവസ്ഥയ്്ക്കു കരുത്തുപകരാനും ഉതകുന്ന നിര്‍ദേശങ്ങള്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവി സങ്കേതത്തിലെ സഫാരിക്കു അന്താരാഷ്ട്ര നിലവാരത്തിലുള്ള വാഹനങ്ങള്‍, കാപ്പി, കുരുമുളക്, തേയില കര്‍ഷകരുടെ ചെറുതും വലുതുമായ സംരംഭങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിക്കാനും കൃഷിരീതികള്‍ മനസ്സിലാക്കാനും സഞ്ചാരികള്‍ക്കു അവസരം, ഫാം മ്യൂസിയം, പ്രധാന വിളകള്‍ക്ക് ഓരോ ദിനങ്ങള്‍ നിശ്ചയിച്ച് ആഘോഷങ്ങളും അഗ്രി സ്‌പോര്‍ട്‌സ് മീറ്റുകളും, അധിനിവേശത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ശേഷിപ്പുകളും അന്യംനില്‍ക്കുന്നതടക്കം ഗോത്രകലകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു ഉപയോഗപ്പെടുത്തുല്‍, സാഹസിക ടൂറിസം അക്കാദമി, ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്ന ചുരം റോപ് വേ യാഥാര്‍ഥ്യമാക്കല്‍, കൃഷ്ണഗിരിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍, വര്‍ഷംതോറം നടത്താറുള്ള മൗണ്ടെയ്ന്‍ ബൈക്കിംഗ് താരങ്ങള്‍ക്കും കാണികള്‍ക്കും എളുപ്പം എത്തിപ്പെടാന്‍ സൗകര്യമുള്ള പ്രദേശത്തേക്കു മാറ്റല്‍, പൊഴുതനയിലെ 200 ഏക്കറോളം വരുന്ന പാറക്കൂട്ടങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സജ്ജീകരിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ കെ.വാഞ്ചീശ്വരന്‍, സി.പി.ശൈലേഷ്, കെ.രവീന്ദ്രന്‍ എന്നിവരുട നേതൃത്വത്തില്‍ ടൂറിസം മന്ത്രിക്കു സമര്‍പ്പിച്ചത്.

*വളവും വെള്ളവുമായി ഭരണകൂടം
വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവന വിനോദസഞ്ചാര മേഖലയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കയാണ്. ജില്ലയ്ക്കു പ്രത്യേക ടൂറിസം സര്‍ക്യൂട്ട്, അയല്‍ ജില്ലകളിലെ വിമാനത്താവളങ്ങളില്‍നിന്നു വയനാട്ടിലേക്കു ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വയനാടിന്റെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക കൗണ്ടര്‍, നിലവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിപുലീകരണം, വയനാട് ഫെസ്റ്റ്, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ മെച്ചപ്പെടുത്തല്‍, പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കല്‍ എന്നിവയ്ക്കു പരിഗണന നല്‍കുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി. ഇതും ടൂറിസം സംരംഭകരില്‍ ആഹ്‌ളാദം പകര്‍ന്നിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന യാത്രയ്ക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് വയനാട്ടിലും ടൂറിസം മേഖല കരുത്താര്‍ജിക്കുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടല്‍.
വനം, ടൂറിസം, കൃഷി, പട്ടികവര്‍ഗ വികസനം, ജലസേചനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ക്കു കീഴിലാണ് വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ടൂറിസം വികസനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന ആവശ്യവും പൊതുവെ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published.

Social profiles