ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണം-ഐ.എം.എ

കല്‍പറ്റ: ചെറുകിട, ഇടത്തരം ആശുപത്രികളുടെ നിലനില്‍പിനു ദോഷമാകാത്ത വിധം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണമെന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രികളുടെയും മറ്റു ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെയും നിവവാരം ഉയര്‍ത്തുന്നതിനും വ്യാജ ചികിത്സകരെ ഒഴിവാക്കുന്നതിനുമായി കൊണ്ടുവന്ന നിയമം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ചെറുകിട, ഇടത്തരം ആശുപത്രികളിലെത്തുന്ന രോഗികളെ വിദഗ്ധ ചികിത്സയ്ക്കു വേറെ ആശുപത്രിയിലേക്കു അയയ്ക്കുമ്പോള്‍ എത്രയും വേഗം സുരക്ഷിതമായി എത്തിക്കണമെന്നാണ് നിയമ വ്യവസ്ഥ. രോഗിയെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയില്‍ എത്തിക്കുന്നതു ചെറുകിട, ഇടത്തരം ആശുപത്രികളുടെ ഉത്തരവാദിത്തമാക്കുന്നതില്‍ അനൗചിത്യമുണ്ട്.
ചെറുകിട, ഇടത്തരം ആശുപത്രികളില്‍ രണ്ടു വര്‍ഷം ഇടവിട്ടു പരിശോധനയ്ക്കു ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുന്ന നിയമ വ്യവസ്ഥയിലും അപാകമുണ്ട്. പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയാല്‍ ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ പോലും നിര്‍ദേശം നല്‍കാന്‍ ഉദ്യോഗസ്ഥ സംഘത്തിനു അധികാരം നല്‍കുന്ന വിധത്തിലാണ് വ്യവസ്ഥ. ഇതില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്.
ഡോക്ടര്‍മാരുടെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി ചരക പ്രതിജ്ഞ പ്രാവര്‍ത്തികമാക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിച്ചതല്ല. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയില്‍നിന്നു ഇന്ത്യയിലെ ഡോക്ടര്‍മാരെ ഒറ്റപ്പെടുത്തുന്നതിനു ഇടയാക്കും. ആധുനിക ചികിത്സാമേഖലയെ പിന്നോട്ടു നയിക്കാനും കരാണമായേക്കാം.
എം.ബി.ബി.എസ് യോഗ്യത ഇല്ലാത്തവര്‍ക്കും ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്ജ് കോഴ്‌സുകളിലൂടെ അനുവാദം നല്‍കുന്നതു ഒഴിവാക്കണം. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ ധാരാളം ഉണ്ടായിരിക്കെ ബ്രിഡ്ജ് കോഴ്‌സുകള്‍ പോലുള്ള കുറുക്കുവഴികള്‍ കേരളത്തിനും അതുപോലുള്ള സംസ്ഥാനങ്ങള്‍ക്കും ആവശ്യമില്ല.
സങ്കര ചികിത്സാസമ്പ്രദായം നടപ്പിലാക്കാനുള്ള നീക്കം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമാണ്. ആധുനിക ചികിത്സാരീതികളെ അശാസ്ത്രീയ രീതികളുമായി കൂട്ടിക്കുഴയ്ക്കുന്നതു ആശാസ്യമല്ല. സങ്കര ചികിത്സാരീതിക്കെതിരായ പ്രതിഷേധം അസോസിയേഷന്‍ തുടരും.
ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെട ജീവനക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്തു തുടരുകയാണ്. ചികിത്സയ്ക്കിടയില്‍ മരണങ്ങളുണ്ടായാല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ജീവനക്കാരെയും ആക്രമിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. പല കേസുകളിലും സാമൂഹിക വിരുദ്ധരും അക്രമവാസനയുള്ള രാഷ്ട്രീയക്കാരുമാണ് പ്രതികള്‍. മിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാനടപടികള്‍ക്കു വിധേയരാക്കുന്നതിലും പോലീസ് വീഴ്ച വരുത്തുകയാണ്. ഓരോ ആശുപത്രിയും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനും ജീവനക്കാര്‍ക്കും രോഗികള്‍ക്കും മതിയായ സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.സാമുവല്‍ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍, വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.അബ്ദുല്‍ ഗഫൂര്‍ കക്കോടന്‍, കല്‍പറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles