ഹൈക്കോടതി ഉത്തരവ്: ചട്ട ലംഘനങ്ങള്‍ക്കെതിരെ റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ നടപടി ഊര്‍ജിതമാക്കുന്നു

മാനന്തവാടി: കേരള ഭൂപതിവു ചട്ടം അനുസരിച്ചു പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും പട്ടയ വ്യവസ്ഥ ലംഘിച്ചാല്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായതോടെ ചട്ട ലംഘനങ്ങള്‍ക്കെതിരെ റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ നടപടി ഊര്‍ജിതമാക്കുന്നു. വയനാട്ടില്‍ മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലെ നിരവധി വില്ലേജുകളില്‍ റവന്യൂ പട്ടയഭൂമിയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. റവന്യൂ പട്ടയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് എതിരെ നിരവധി പേര്‍ക്ക് വയനാട്ടില്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും പട്ടയം റദ്ദ് ചെയ്യുന്ന നടപടികളിലേക്കു കടന്നിരുന്നില്ല. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലവിലിരിക്കെ ചില സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍നിന്നു ലൈസന്‍സ് നേടിയിരുന്നു. ഈ ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള സാധ്യതയും കോടതി ഉത്തരവോടെ വര്‍ധിച്ചു.
കൃഷിക്കും പാര്‍പ്പിടത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പതിച്ചുനല്‍കിയ ഭൂമിയില്‍ റിസോര്‍ട്ടുകള്‍, ക്വാറികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ ആരംഭിച്ചെന്നു കണ്ടെത്തി ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെതിരെ ഭൂവുടമകള്‍ നല്‍കിയ അപ്പീലുകള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ടിന്റെ ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ അപ്പീലും ഇതില്‍ ഉള്‍പ്പെടും. അതേസമയം, ഭൂമി തിരിച്ചെടുക്കുന്നത് സിംഗിള്‍ ബെഞ്ച് തടഞ്ഞതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചു. ക്വാറികളടക്കമുള്ളവയുടെ പ്രവര്‍ത്തനം തടഞ്ഞ് സര്‍ക്കാര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കി വാദം കേള്‍ക്കാതെയാണ് സ്റ്റോപ് മെമ്മോ നല്‍കിയതെന്നും ഭൂമി തിരിച്ചെടുക്കാന്‍ തഹസില്‍ദാര്‍ക്ക് അധികാരമില്ലെന്നും ഭൂവുടമകള്‍ വാദിച്ചു. ഡിവിഷന്‍ ബെഞ്ച് ഈ വാദം തള്ളി.
കേരള ഭൂമി പതിവു ചട്ടത്തില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാന്‍ പറയുന്നില്ല. പട്ടയം റദ്ദാക്കുന്നതിനു മുമ്പ് കൈവശക്കാരുടെ വാദം കേള്‍ക്കണമെന്നാണ് പറയുന്നത്. നടപടികള്‍ ആ ഘട്ടത്തില്‍ എത്തിയിട്ടില്ല. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. അതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നു കോടതി വ്യക്തമാക്കി.
പട്ടയവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ചട്ടം അനുസരിച്ച് തഹസില്‍ദാര്‍ക്ക് പട്ടയം റദ്ദാക്കാന്‍ അധികാരമുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം തടയാനും സ്റ്റോപ് മെമ്മോ നല്‍കാനും കലക്ടര്‍ക്കോ തഹസില്‍ദാര്‍ക്കോ അധികാരമില്ലെന്ന വാദം നിലനില്‍ക്കില്ലന്നും കോടതി നിരീക്ഷിച്ചു. ഭൂമി പതിച്ചു നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍ക്ക് ഉള്ളതുപോലെ വ്യവസ്ഥ ലംഘിച്ചെന്ന കണ്ടാല്‍ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാനും അധികാരവുമുണ്ടെന്നു കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles