സര്‍ഫാസി നിയമത്തിനെതിരെ വയനാട്ടില്‍ സമരമുഖം തുറക്കുന്നു

കല്‍പറ്റ: സര്‍ഫാസി നിയമത്തിനും ജപ്തി നടപടികള്‍ക്കുമെതിരെ വയനാട്ടില്‍ രാഷ്ട്രീയ-സമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമരമുഖം തുറക്കുന്നു. ഇതിന്റെ ഭാഗമായി മാനന്തവാടിയില്‍ ചേര്‍ന്ന യോഗം സര്‍ഫാസി വിരുദ്ധ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി കുന്നേല്‍ കൃഷ്ണന്‍(ജനറല്‍ കണ്‍വീനര്‍), തോമസ് അമ്പലവയല്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, സുലോചന രാമകൃഷ്ണന്‍, ജോസ് വാധ്യാപ്പിള്ളി, സാം പി.മാത്യു, എ.എന്‍.സലിം കുമാര്‍, എം.കെ.അജയകുമാര്‍(കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞുടുത്തു.
സര്‍ഫാസി-ജപ്തി നടപടികളെ അവശ്യമെങ്കില്‍ കായികമായും നേരിട്ട് അറസ്റ്റു വരിക്കാനാണ് യോഗ തീരുമാനം. ഇതിനു മുന്നോടിയായി സര്‍ഫാസി-ജപ്തി ഭീഷണിയിലുള്ള കര്‍ഷകരെയടക്കം പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ നടത്തും. പ്രക്ഷോഭ മുറകള്‍ക്കു കണ്‍വന്‍ഷന്‍ രൂപം നല്‍കും.
വായ്പ കുടിശികയാക്കിയവര്‍ക്കെതിരായ മുഴുവന്‍ സര്‍ഫാസി-ജപ്തി നടപടികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും തയാറാകണമെന്നു സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ഫാസി നിയമം റദ്ദാക്കുന്നതിനു സംസ്ഥാന സര്‍ക്കാരും എം.പിമാരും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. ജപ്തി നടപടികള്‍ തീര്‍ത്തും ഒഴിവാക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കണം. ഇതര ബാങ്കുകളുടെ നിലപാട് കര്‍ഷക സൗഹൃദമാക്കാന്‍ ഇടപെടണം. ധനകാര്യ സ്ഥാപനങ്ങളുടെ ദയാരഹിതമായ നിലപാടുകളുടെ ഒടുവിലത്തെ ഇരയാണ് പുല്‍പള്ളി ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ.എം.വി.ടോമി. വായ്പ കുടിശികയാക്കിയതിനു മുന്‍ അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ടോമിയോടുള്ള ബന്ധപ്പെട്ട ബാങ്കിന്റെ സമീപനം ക്രൂരമായിരുന്നു. സമൂഹമധ്യത്തില്‍ അപമാനിതനായതിന്റെ വേദനയിലാണ് ടോമി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഉപജീവനത്തിനു കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളെല്ലാം ദുരിതത്തിലാണ്. വിളകളുടെ നാശം, വിലത്തകര്‍ച്ച, കോവിഡ് മഹാമാരി തുടങ്ങിയവ കര്‍ഷകരെ തീര്‍ത്തും തളര്‍ത്തി. വായ്പ വാങ്ങിയ പണം നിര്‍വാഹം ഇല്ലാത്തിനാലാണ് കര്‍ഷകര്‍ കുടിശികയാക്കുന്നത്. കൃഷി ആദായകകരമായിരുന്ന കാലത്ത് സമയബന്ധിതമായി വായ്പകള്‍ തിരിച്ചടച്ചവരാണ് കര്‍ഷകര്‍. ദുരിതകാലത്തു ഇവരെ സര്‍വരും കൈവിടുകയാണ്. കാര്‍ഷികം, കാര്‍ഷികേതരം എന്നു കണക്കാക്കാതെ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും ഏറ്റെടുക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കര്‍ഷകരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കു കുടപിടിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്.
കൂലിത്തല്ലു സംഘങ്ങളുടേതിനു സമാനമായ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് ബാങ്കുകള്‍ക്കുവേണ്ടി കടക്കാരെ കുടിയൊഴിപ്പിക്കുന്നതും വസ്തുവകകള്‍ പിടിച്ചെടുക്കുന്നതും. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം പോലും നിഷേധിക്കുന്ന സര്‍ഫാസി നിയമം സാമാന്യനീതിയുടെ അടിസ്ഥാന സങ്കല്‍പത്തെയാണ് നിരാകരിക്കുന്നത്. ജില്ലയില്‍ നാലായിരത്തില്‍പരം കര്‍ഷകര്‍ക്കു സര്‍ഫാസി നോട്ടീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2,000 കേസുകളില്‍ ജപ്തി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍ഫാസി നിയമം ഭേദഗതി ചെയ്യുന്നതിനു കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാതിരുന്നതു ഗൗരവത്തെടെ കാണേണ്ടതാണ്. അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ അനിവാര്യമാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles