നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

ദുര്‍ഗപ്രസാദ്, തുളസി റാം

മാനന്തവാടി: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. വാഹനം ഇടിച്ചു റോഡില്‍ കിടന്ന ദുര്‍ഗപ്രസാദിനെ അതുവഴി പോയ തോണിച്ചാല്‍ സ്വദേശി അനിലാണ് സ്വന്തം വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വൈകാതെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തുളസി റാം റോഡില്‍നിന്നു പുഴയിലേക്കു തെറിച്ചുവീണു. അഗ്നി-രക്ഷാസേനയാണ് മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത്. ദുര്‍ഗപ്രസാദിനും തുളസിറാമിനും ഒപ്പമുണ്ടായിരുന്ന അംഗ്യാറാം പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാറില്‍ ഉണ്ടായിരുന്ന തോണിച്ചാല്‍ സ്വദേശി കോളാറയില്‍ ടോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട് ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചശേഷമാണ് കാര്‍ നടന്നുപോകുകയായിരുന്ന അതിഥി തൊഴിലാളികളുടെ ദേഹത്ത് തട്ടിയത്. ഓടി മാറിയതാണ് അംഗ്യാറാമിനു രക്ഷയായത്.

0Shares

Leave a Reply

Your email address will not be published.

Social profiles