വീരേന്ദ്രകുമാര്‍ ഉയരങ്ങളിലായിരുന്നപ്പോഴും പാദം മണ്ണിലൂന്നിയ ബഹുമുഖ പ്രതിഭ-എം.മുകുന്ദന്‍

കല്‍പറ്റയില്‍ എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഉയരങ്ങളില്‍ സഞ്ചരിച്ചപ്പോഴും പാദം മണ്ണിലൂന്നിയ ബഹുമുഖ പ്രതിഭയായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഹാളില്‍ വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്‍.
മനുഷ്യാവസ്ഥയുടെ എല്ലാ മണ്ഡലങ്ങളിലും വീരേന്ദ്രകുമാര്‍ ചിന്തയും പ്രവര്‍ത്തനങ്ങളുമായി വ്യാപരിച്ചു. അങ്ങനെ അപൂര്‍വം വ്യക്തികളേയുള്ളൂ. വീരേന്ദ്രകുമാര്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അവിടെയൊക്കെ ഉയരങ്ങളിലെത്തുകയും ചെയ്തു. മനുഷ്യസ്‌നേഹമാണ് വീരേന്ദ്രകുമാറിന്റെ എഴുത്തിന്റെയും ചിന്തയുടെയും അടിസ്ഥാനം. അതുകൊണ്ടാണ് പ്ലാച്ചിമടയിലെ സമരം അദ്ദേഹം ഏറ്റെടുത്തത്. മനുഷ്യനെ സ്‌നേഹിക്കുമ്പോണ് നമുക്ക് പറക്കാനുള്ള ചിറകുകള്‍ കിട്ടുന്നത്. വീരേന്ദ്രകുമാറിന് മനുഷ്യസ്‌നേഹത്തിന്റെ ഒരുപാട് ചിറകുകളുണ്ടായിരുന്നു. എല്ലാവരെയും എല്ലാത്തിനെയും സ്‌നേഹിക്കാനുള്ള ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു. വീരേന്ദ്രകുമാറില്‍നിന്നു നമ്മള്‍ എത്രമാത്രം കാര്യങ്ങള്‍ പഠിച്ചു, എത്രമാത്രം ഉള്‍ക്കൊണ്ടു എന്നാലോചിക്കണം. ഹൈമവതഭൂവില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒന്നുകൂടി വായിക്കണം. പ്രബുദ്ധരായിരിക്കുക, മനുഷ്യസ്‌നേഹികളായിരിക്കുക എന്നാണ് വീരേന്ദ്രകുമാര്‍ പറഞ്ഞത്. അത് വീണ്ടും വീണ്ടും ഉള്‍ക്കൊള്ളണമെന്നും മുകുന്ദന്‍ പറഞ്ഞു.
മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. കാലത്തെ മുന്‍കൂട്ടി കാണാനും അത് സമൂഹത്തിന് പകരാനും പരിശ്രമിച്ച സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു. ആഗോളീകരണ നയങ്ങളോട് എഴുത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം ഏറ്റുമുട്ടി. ഗാട്ടും കാണാച്ചരടും എന്ന പുസ്തകം ആഗോളീകരണത്തിനെതിരേയുള്ള സമരത്തിലെ ആവേശമായിരുന്നു. ജനാധിപത്യധ്വംസനത്തിനെതിരേ അദ്ദേഹത്തിന്റെ ശബ്ദം എപ്പോഴും മുഴങ്ങി. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹത്തിന്റെ വീടും സ്വത്തും കണ്ടുകെട്ടി. പക്ഷേ അദ്ദേഹം നിലപാടില് ഉറച്ചു നിന്നു. ആഗോളവത്കരണത്തിനെതിരേ എന്ന പോലെ ഹിന്ദു വര്ഗീയവാദത്തിന്റെ ആപത്തിനെക്കുറിച്ചും വീരേന്ദ്രകുമാര്‍ എല്ലാ കാലത്തും മുന്നറിയിപ്പു നല്‍കിയതായും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഒ.ആര്‍.കേളു എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.ഹംസ സ്വാഗതവും അഡ്വ.ഇ.ആര്‍.സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles