ദലിത്-ആദിവാസി സമൂഹങ്ങള്‍ നേരിടുന്നത് അതിസങ്കീര്‍ണ പ്രശ്നങ്ങള്‍: കല്‍പ്പറ്റ നാരായണന്‍

കേരള ദലിത് ഫെഡറേഷന്‍ (ഡി) സംസ്ഥാന നേതൃത്വക്യാംപ് കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈത്തിരി: കലുഷിത സമൂഹത്തില്‍ പൗരന് സംരക്ഷണം ഉറപ്പുനല്‍കുന്ന ഉത്തമ ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ ദലിത്-ആദിവാസി സമൂഹം നേരിടുന്നത് അതിസങ്കീര്‍ണമായ പ്രശ്നങ്ങളാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. വൈത്തിരി വൈ എം സി എ ഹാളില്‍ നടക്കുന്ന കേരള ദലിത് ഫെഡറേഷന്‍ (ഡി) സംസ്ഥാനതല നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷം കൊണ്ടും ചിന്തകൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഉന്നതനാണെന്ന് ജീവിച്ചു തെളിയിച്ചയാളാണ് ഡോ. അംബേദ്കര്‍. സാമൂഹ്യപരമായും സാമ്പത്തികമായും തുല്യരാവാന്‍ സാധിക്കുമ്പോള്‍ മാത്രമേ പരിഷ്‌കൃതസമൂഹമെന്ന് പറയാന്‍ കഴിയൂ. തനതായ ഭാഷയില്‍ പഠിക്കാന്‍ അവസരം ലഭിക്കാതെ പോയതാണ് ആദിവാസി സമൂഹത്തെ വിദ്യാഭ്യാസരംഗത്ത് നിന്നും തൊഴില്‍രംഗത്ത് നിന്നും പിന്തള്ളപ്പെട്ടത്. കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ചടങ്ങില്‍ കെ ഡി എഫ് (ഡി) സംസ്ഥാന പ്രസിഡന്റ് ടി പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ദലിതരും ഭരണഘടന നീതിയും എന്ന വിഷയത്തില്‍ രമേശ് നന്മണ്ടയും ആരാണ് നേതാവ്? നേതൃഗുണം എങ്ങനെ ആര്‍ജിക്കാം എന്ന വിഷയം പ്രമുഖ ട്രെയ്നര്‍ പി ഹേമപാലനും ‘അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവതീ യുവാക്കളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയം മീരാ നമ്പീശനും, ദലിതര്‍ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയം ടി പി ഭാസ്‌കരനും അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles