മരിയനാട് എസ്റ്റേറ്റില്‍ കുടില്‍ കെട്ടല്‍ സമരം ശക്തമാക്കുമെന്നു ആദിവാസി സംഘടനകള്‍

കല്‍പറ്റ: തെക്കേ വയനാട് വനം ഡിവിഷന്‍ പരിധിയിലെ മരിയനാട് കാപ്പിത്തോട്ടത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടല്‍ സമരം തുടങ്ങി. ആദിവാസി ഗോത്ര മഹാസഭ, ഇരുളം ആദിവാസി ഭൂസമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടും മരിയനാട് എസ്റ്റേറ്റ് ഭൂമി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കു കൈമാറുന്നതില്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സമരമെന്നു ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, സംസ്ഥാന സമിതിയംഗം രമേശന്‍ കൊയാലിപ്പുര, ഇരുളം ഭൂസമര സമിതി ഭാരവാഹികളായ ബി.വി.ബോളന്‍, എ.ചന്തുണ്ണി, പി.ആര്‍.അജിത്ത്, ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നു അവര്‍ അറിയിച്ചു.
2004ല്‍ സുപ്രീം കോടതി അംഗീകാരത്തോടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 19,000 ഏക്കര്‍ വനഭൂമി ആദിവാസി പുനരധിവാസത്തിന് സംസ്ഥാനത്തിനു കൈമാറിയിരുന്നു. ഇതില്‍ ഉള്‍പ്പടുന്നതാണ് കേരള വനം വികസന കോര്‍പറേഷനു കീഴിലായിരുന്ന95 ഹെക്ടര്‍ വിസ്തീര്‍ണമുള്ള മരിയനാട് എസ്റ്റേറ്റ്. പട്ടികവര്‍ഗത്തിലെ 17 എണ്ണമടക്കം 149 തൊഴിലാളി കുടുംബങ്ങളാണ് തോട്ടത്തില്‍ ഉണ്ടായിരുന്നത്. ഭൂരഹിതര്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ വനം വികസന കോര്‍പറേഷന്‍ മരിയനാട് തോട്ടത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ തൊഴിലാളികള്‍ക്ക് പി.എഫും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാനുണ്ടെന്ന പേരില്‍ ഭൂമി ആദിവാസികള്‍ക്കു പതിച്ചുനല്‍കുന്നതു നീട്ടിക്കൊണ്ടുപോയി. ഇതിനിടെ തൊഴിലാളികല്‍ ചിലര്‍ തോട്ടം കൈയേറി താമസം തുടങ്ങി. നിലവില്‍ മുന്നു തൊഴിലാളി കുടുംബങ്ങളാണ് തോട്ടത്തില്‍ താമസിക്കുന്നത്. ചിലര്‍ ഭൂമി വളച്ചുവെച്ചിട്ടുമുണ്ട്.
ഭൂരഹിതര്‍ക്കു പതിച്ചുനല്‍കുന്നതിനായി മരിയനാട് എസ്റ്റേറ്റില്‍ സര്‍വേ നടന്നിരുന്നു. 60 ഏക്കറോളം ഭൂമിയില്‍ പൂര്‍ത്തിയായ സര്‍വേ തൊഴിലാളികള്‍ തടയുന്നുവെന്നു പറഞ്ഞാണ് നിര്‍ത്തിവെച്ചത്. തൊഴിലാളി പ്രശ്‌നം മുന്‍നിര്‍ത്തി സര്‍വേ തുടരേണ്ടതില്ലെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗവും തീരുമാനമെടുത്തിരുന്നു. സര്‍വേ ചെയ്ത ഭൂമിയില്‍ 12 കുടുംബങ്ങള്‍ക്കു മാത്രമാണ് 2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈവശരേഖ നല്‍കിയത്.
മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസി കുടുംബങ്ങള്‍ക്കു മുന്‍ഗണന നല്‍കി പുനരധിവാസ പദ്ധതി പുനരാരംഭിക്കണം.
മുത്തങ്ങയില്‍നിന്നു കുടിയിറക്കിയ കുടുംബങ്ങള്‍ക്കു നല്‍കിയതില്‍ മേപ്പാടി വെള്ളരിമലയിലെ 100 ഏക്കര്‍ ഒഴികെയുള്ളതു വാസത്തിനും കൃഷിക്കും യോജിച്ചതല്ല. മരിയനാട് തോട്ടത്തിലെ തൊഴിലാളി കുടുംബങ്ങളെ വനത്തിനു പുറത്തു പുനരധിവസിപ്പിക്കണം. ഇതിനായി പാക്കേജ് തയാറാക്കണം. തൊഴിലാളികള്‍ക്കു ആനുകൂല്യങ്ങള്‍ തീര്‍ത്തുനല്‍കണമെന്നും ആദിവാസി സംഘടനാനേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles