നൈസര്‍ഗിക വന പുനഃസ്ഥാപനം: നട്ടുവളര്‍ത്തുന്നതു ഓരോ പ്രദേശത്തിനും യോജിച്ച വൃക്ഷങ്ങള്‍

മാനന്തവാടി: സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനു ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ചുള്ള വൃക്ഷങ്ങളുടെ നടീല്‍ പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ച നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു വനം-വന്യജീവി വകുപ്പ് സമര്‍പ്പിച്ച നയരേഖ അംഗീകരിച്ച് ഈയിടെയാണ് സര്‍ക്കാര്‍ ഉത്തരവായത്.
ചെമ്മണ്ണ്, വെട്ടുകല്ല് തുടങ്ങിയവയുള്ള പ്രദേശങ്ങൡ ഇരുള്‍, കരിമരുത്, മാവ്, പ്ലാവ്, ഞാവല്‍, കാഞ്ഞിരം, അത്തി, ആല്‍ തുടങ്ങിയ മരങ്ങളാണ് നടുക. എക്കല്‍ നിറഞ്ഞ സമുദ്രതീരങ്ങളില്‍ പൂവരശ്,വാക, തെങ്ങ്, വേലിപ്പരുത്തി, നോനി, കുടംപുളി എന്നിവയുടെ നടീല്‍ പ്രോത്സാഹിപ്പിക്കും. പുഴ-നദി തീരങ്ങളില്‍ മുള, ഈറ്റ, നാങ്ക്, വെണ്‍കട്ട, വെട്ടി, പുന്ന, കാര, അമ്പഴം, വെണ്‍തേക്ക്,കിളിമരം, അത്തി, പൂവം, ആറ്റുവഞ്ചി തുടങ്ങയ മരങ്ങള്‍ക്കു പ്രാധാന്യം നല്‍കും. സമതലങ്ങളില്‍ അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുഖം, മന്ദാരം, കണിക്കൊന്ന, മുള, പേര, അയണി, ചരല്‍പ്പഴം, എബണി, കുടപ്പന, കിളിനാങ്ക് തുടങ്ങിയവ വെച്ചുപിടിപ്പിക്കും. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളില്‍ മണിമരുത്, നീര്‍മരുത്, ഒങ്ങ്, ചോലവേങ്ങ, ഞാവല്‍, പമ്പരക്കുമ്പിള്‍, കടമ്പ് എന്നിവയുടെ നടീലാണ് പ്രോത്സാഹിപ്പിക്കുക. ഉയരം കൂടിയ പ്രദേശങ്ങളില്‍ മഴുകാഞ്ഞിരം, ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, പൂശിപ്പഴം, വലിയ വെള്ളപ്പൈന്‍, ചെങ്കുറിഞ്ഞി, എണ്ണപ്പൈന്‍, കുന്തിരക്കം,നിറമ്പാലി, കൊണ്ടപ്പന തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കും.
കാട്ടില്‍ നട്ടുവളര്‍ത്തിയ യൂക്കാലിപ്ട്സ്, അക്കേഷ്യ, ഓറിക്കുലിഫോര്‍മിസ്, മാഞ്ചിയം, വാറ്റില്‍ തുടങ്ങിയവ വെട്ടിമാറ്റി സ്വാഭാവിക വനവല്‍ക്കരണം നടത്തുന്നതിനു ഊന്നല്‍ നല്‍കുന്നതാണ് നയരേഖ.
ജൈവ വൈവിധ്യത്തിന് ഭീഷണിയായ മൈക്കിനിയ, സെന്ന, ആവാസ വ്യവസ്ഥയ്ക്ക് യോജ്യമല്ലാത്ത മറ്റു സസ്യ ഇനങ്ങള്‍, ആഫ്രിക്കന്‍ ഒച്ച്, ആഫ്രിക്കന്‍ മുഷി തുടങ്ങിയ ജീവികള്‍ എന്നിവയെ വനമേഖലയില്‍നിന്നു ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 27,000 ഹെക്ടര്‍ വിദേശ-ഏകവിളത്തോട്ടങ്ങളും 90,000 ഹെക്ടര്‍ തേക്കുതോട്ടങ്ങളും കേരളത്തിലുണ്ട്. വ്യാവസായിക വികസത്തിന് വേണ്ടി 1950 മുതല്‍ 1980 കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് ഏകവിളത്തോട്ടങ്ങള്‍. ഭൂപ്രദേശത്തിന്റെ 33 ശതമാനം വനമായി നിലനിര്‍ത്തണമെന്നണ് ദേശീയ വന നയം. എങ്കിലും കേരളത്തില്‍ 30 ശതമാനം മാത്രമാണ് വനവിസ്തൃതി. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍, ആര്‍ദ്ര ഇലപൊഴിയും കാടുകള്‍, വരണ്ട ഇലപൊഴിയും കാടുകള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍, കണ്ടല്‍ക്കാടുകള്‍, തോട്ടങ്ങള്‍ എന്നിവ ഇതില്‍ പെടും.
അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങളും കാലവസ്ഥ വ്യതിയാനവും വരള്‍ച്ചയും വനങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്നാണ് ഇതിനകം നടന്ന പഠനങ്ങളില്‍ തെളിഞ്ഞത്.മണ്ണിനു യോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റവും സ്വാഭാവിക വനങ്ങളുടെ ശോഷണത്തിനു കാരണമായി. വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കു സംഭവിച്ച ശോഷണം ഭക്ഷണത്തിനു ജനവാസ മേഖലകളെ ആശ്രയിക്കാന്‍ വന്യമൃഗങ്ങളെ നിര്‍ബന്ധിതമാക്കി. ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു ആക്കം കൂട്ടി. വനേതര പ്രദേശങ്ങളിലെ ഭൂ വിനിയോഗ രീതികളും സംസ്ഥാനത്ത് പ്രകൃതി, പാരിസ്ഥിതി, ജലസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമാണ്. 20-ാം നുറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടാണ് ഉണ്ടായിരുന്നത്. നിലവില്‍ അത് 24 ചതുരശ്ര കിലോമീറ്ററാണ്. കടലോര, അഴിമുഖ പ്രദേശങ്ങളുടെ സുസ്ഥിരതയ്ക്കും കടലാക്രമണം തടയുന്നതിലും മത്സ്യങ്ങളുടെ പ്രജനനത്തിലും കണ്ടല്‍ക്കാടുകള്‍ക്കു ഏറെ പ്രാധാന്യമുണ്ട്. പാരിസ്ഥിതിക പ്രക്രിയയില്‍ വലിയ പങ്കു വഹിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍, പുഴയോരങ്ങള്‍, കാവുകള്‍ എന്നിവയെ അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങള്‍ ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ് വനംവകുപ്പ് നയരേഖ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത്.
38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളാണ് നയരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികതയും ജൈവവൈവിധ്യവും നഷ്ടപ്പെട്ട ശുഷ്‌കിച്ച വന പ്രദേശങ്ങളില്‍ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
തീര്‍ത്തും പരാജയപ്പെട്ടതും വളര്‍ച്ച മുരടിച്ചതിനും പുറമേ വന്യജീവികളുടെ വഴിത്താരകളിലും പ്രകൃതിദുരന്ത സാധ്യതാ പ്രദേശങ്ങളിലും നദീതടങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തേക്കു തോട്ടങ്ങള്‍ മണ്ണ്-ജല സംരക്ഷണം ലക്ഷ്യമാക്കി സ്വാഭാവിക വനങ്ങളാക്കി മാറ്റുമെന്നു നയരേഖയില്‍ പറയുന്നു.
കാട്ടുതീ പ്രതിരോധത്തിനു പൊതുജന പങ്കാളിത്തത്തോടെ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഉള്‍വനങ്ങളില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനും വനം-വന്യജീവി വകുപ്പിനെ സജ്ജമാക്കല്‍, വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍, പങ്കാളിത്ത വന പരിപാലനത്തിന്റെയും വനാവകാശ നിയമത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആദിവാസി വിഭാഗങ്ങളുടെ സഹകരണത്തോടെ തടിയിതര വന വിഭവങ്ങളുടെ സുസ്ഥിരമായ ശേഖരണം-മൂല്യവര്‍ധന-വിപണം, അമിത ചൂഷണവും ആവാസ വ്യവസ്ഥയുടെ നാശവും മൂലം അന്യം നില്‍ക്കുന്ന സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം, വനത്താല്‍ ചുറ്റപ്പെട്ടതും വനത്തോടു ചേര്‍ന്നുകിടക്കുന്നതുമായ പ്രദേശങ്ങളിലെ സ്വകാര്യ ഭൂമികള്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് വനമാക്കല്‍, വന്യജീവികള്‍ക്കു മെച്ചപ്പെട്ട ആവാസ വ്യവസ്ഥയും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനു കാട്ടുമാവ്, കാട്ടുനെല്ലി, കാട്ടുപ്ലാവ് തുടങ്ങിയവ നട്ടുപിടിപ്പിക്കല്‍, തടയണകള്‍, കുളങ്ങള്‍ നിര്‍മിക്കല്‍, സ്വകാര്യ കൈവശത്തിലുള്ള കണ്ടല്‍ക്കാടുകള്‍ ഉടമകളുടെ സമ്മതത്തോടെ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കല്‍, സ്വകാര്യ ഭൂമിയിലെ വൃക്ഷവല്‍ക്കരണത്തിനു പ്രോത്സാഹനം എന്നിവയും സര്‍ക്കാര്‍ അംഗീകാരം ലഭിച്ച നയരേഖയിലുണ്ട്.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം0Shares

Leave a Reply

Your email address will not be published.

Social profiles