ജോസഫ് മാത്യു വയനാട് ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യുട്ടര്‍ പദവിയില്‍നിന്നു വിരമിച്ചു

ജോസഫ് മാത്യു

കല്‍പറ്റ: സേവന കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നു അഡ്വ.ജോസഫ് മാത്യു വയനാട് ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയില്‍നിന്നു വിരമിച്ചു. 2016 നവംബര്‍ 21നു ചുമതലയേറ്റ അദ്ദേഹത്തിന്റെ അഞ്ചര വര്‍ഷത്തെ സേവനകാലാവധി മെയ് 31നാണ് അവസാനിച്ചത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന ഈട്ടിമുറി നിയമവിരുദ്ധമാണെന്നു ജില്ലാ കലക്ടറെയും സൗത്ത് വയനാട് ഡി.എഫ്.ഒയെയും ആദ്യമായി അറിയിച്ചതും നിയമോപദേശം നല്‍കിയതും ജോസഫ് മാത്യുവാണ്. റവന്യൂ പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങള്‍ മുറിക്കുന്നതിനു അനുമതി നല്‍കുന്ന 2020 നവംബര്‍ 24ലെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കാനിടയായതു ജോസഫ് മാത്യു കലക്ടര്‍ക്കും മറ്റും നല്‍കിയ നിയമോപദേശമാണ്. മരം മുറി വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നേരിട്ട് ഇടപെട്ടതും സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാണിച്ചതും വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുടെ പരാതിയില്‍ ജോസഫ് മാത്യുവിനോടു ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. നിയമപരമായും സത്യസന്ധമായുമാണ് പ്രവര്‍ത്തിച്ചതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
സേവന കാലയളവില്‍ വിവിധ വകുപ്പുകള്‍ക്കുവേണ്ടി നിരവധി കേസുകളില്‍ ജോസഫ് മാത്യു സര്‍ക്കാരിനു അനുകൂലമായ ഉത്തരവ് സമ്പാദിച്ചിരുന്നു. പ്രതിക്കു വധശിക്ഷ വിധിച്ച പ്രമാദമായ വെള്ളമുണ്ട ഇരട്ടക്കൊലക്കേസില്‍ പ്രോസിക്യൂഷനുവേണ്ടി അദ്ദേഹമാണ് ഹാജരായത്. കേണിച്ചിറ മണി കൊലക്കേസില്‍ ജോസഫ് മാത്യുവിനെ സ്പഷ്യല്‍ പ്രോസിക്യൂട്ടറായി ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. അഭിഭാഷകവൃത്തിയില്‍ തുടരാനാണ് തീരുമാനമെന്നു ജോസഫ് മാത്യു പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles