അധ്യയനവര്‍ഷം ആരംഭിച്ചിട്ടും പ്രധാനാധ്യാപകരുടെ പൊതു സ്ഥലംമാറ്റം നടത്താതെ വിദ്യാഭ്യാസ വകുപ്പ്

കല്‍പറ്റ: അധ്യയനവര്‍ഷം ആരംഭിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകരുടെ പൊതു സ്ഥലംമാറ്റം നടത്തിയില്ല. മെയ് മാസം പൂര്‍ത്തിയാക്കേണ്ട ഹൈസ്‌കൂള്‍ പ്രധാനധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും സ്ഥലംമാറ്റമാണ് അനിശ്ചിതമായി നീളുന്നത്. സര്‍വീസ് സീനിയോറിറ്റി പ്രകാരം പൊതു സ്ഥലംമാറ്റത്തിനു ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനു ഏപ്രില്‍ നാലിനു ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 12 മുതല്‍ 18 വരെയായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിനു സമയം. ഏപ്രില്‍ 11നു മുമ്പു നിലവിലെ ഒഴിവുകളും ജൂണ്‍ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോര്‍ട്ടു ചെയ്യാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് ഡി.ജി.ഇ നിര്‍ദേശവും നല്‍കി. ലഭിച്ച അപേക്ഷകളുടെ പരിശോധന ഏപ്രില്‍ 22നാണ് നിശ്ചയിച്ചിരുന്നത്. 27ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും പരാതികള്‍ 30 വരെ കേള്‍ക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മെയ് അഞ്ചിനു അന്തിമ പട്ടികയും 11ന് സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കുമെന്നായിരുന്നു ഉത്തരവില്‍.
വിദ്യാഭ്യാസ വകുപ്പില്‍ അധ്യയനവര്‍ഷാരംഭത്തിന് മുമ്പു പ്രധാനാധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും സ്ഥലംമാറ്റി നിയമിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അന്തിമ പട്ടിക തായാറാക്കി മൂന്നാഴ്ച കഴിഞ്ഞിട്ടും നിയമന ഉത്തരവ് ഇറക്കിയില്ല. ഇത് വിദ്യാഭ്യാസ വകുപ്പില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. നിയമന ഉത്തരവ് വൈകുന്നതിനു കാരണം തൃക്കാക്കര ഉപതെരഞ്ഞടുപ്പാണെന്ന ന്യായം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍,അധ്യാപകര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരെ മെയ് മാസം സ്ഥലം മാറ്റി ഡി.ജി.ഇ ഉത്തരവ് ഇറക്കിയിരുന്നു.
ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതു സ്ഥലംമാറ്റത്തിനു ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ഏപ്രില്‍ 18ന് 71 പേര്‍ക്കു എച്ച്.എം, എ.ഇ.ഒ മാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം പുതുതായി സ്ഥാനക്കയറ്റം നല്‍കുന്നത് സംസ്ഥാനത്തു ആദ്യമാണെന്നു അധ്യാപക സംഘടനാനേതാക്കള്‍ പറയുന്നു. പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിച്ച സീനിയര്‍മാരായ എച്ച്.എം, എ.ഇ.ഒമാരെ നിരാശപ്പെടുത്തിയാണ് 71 പേര്‍ക്കു ധൃതിപിടിച്ച് സ്ഥാനക്കയറ്റം നല്‍കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles