ഇന്ന് ലോക ക്ലബ്ബ് ഫൂട്ട് ദിനം; ചികിത്സ ഇപ്പോള്‍ ഡി.ഇ.ഐ.സി.യിലും

കല്‍പറ്റ: ഇന്ന് ലോക ക്ലബ്ബ് ഫൂട്ട് ദിനം. കുട്ടികളില്‍ ജന്മനാ കാലുകള്‍ക്ക് ഉണ്ടാകുന്ന വൈകല്യമായ ക്ലബ്ബ് ഫൂട്ട് ചികിത്സ ഇനി ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിലും (ഡിഇഐസി) ലഭിക്കും. കല്‍പറ്റ ജനറല്‍ ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിഇഐസിയില്‍ 2021 നവംബറിലാണ് കുട്ടികളിലെ ക്ലബ്ബ് ഫൂട്ടിനുള്ള ചികിത്സ തുടങ്ങിയത്. ഇതിനു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ് വയനാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. 32 കുട്ടികള്‍ ഇതിനകം തന്നെ ഡിഇഐസിയില്‍ ചികിത്സ തേടി. ഇതില്‍ 11 കുട്ടികള്‍ക്ക് പ്ലാസ്റ്റര്‍ കാസ്റ്റിങ് നല്‍കി. രണ്ടു കുട്ടികള്‍ക്ക് ടെനോട്ടമിയും (കുതിഞരമ്പ് വിടുവിക്കല്‍ പ്രക്രിയ) ഒരാള്‍ക്ക് ഫൂട്ട് അബ്ഡക്ഷന്‍ ബ്രേസ് സേവനവും ലഭ്യമാക്കി. ഡിഇഐസിയില്‍ എല്ലാ ചൊവ്വാഴ്ചയും ക്ലബ്ബ്ഫൂട്ട് ക്ലിനിക് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബ്ബ്ഫൂട്ട് ചികിത്സയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഓര്‍ത്തോപീഡിക് സര്‍ജന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റര്‍ കാസ്റ്റിങ്, ടെനോടമി കൂടാതെ ഫൂട്ട് അബ്ഡക്ഷന്‍ ബ്രേസ് എന്നീ സേവനങ്ങള്‍ ഇവിടെ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936207768, 9072865000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ജനിച്ചയുടന്‍ ചികിത്സ തുടങ്ങണം
ക്ലബ്ബ് ഫൂട്ട് വൈകല്യമുള്ള കുട്ടികളില്‍ കാലിന്റെ പാദം ഉള്ളിലേക്കു തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികില്‍സിച്ചില്ലെങ്കില്‍ കുട്ടികള്‍ വലുതായാല്‍ നടക്കുമ്പോള്‍ വൈകല്യമുണ്ടാകും. കുട്ടി ജനിച്ചു കഴിയുമ്പോള്‍ത്തന്നെ കാലുകള്‍ക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. ക്ലബ്ബ് ഫൂട്ടിന്റെ ചികിത്സ കുട്ടി ജനിച്ചയുടന്‍ തുടങ്ങേണ്ടതാണ്. പോണ്‍സെറ്റി മെത്തേഡ് എന്ന കാസ്റ്റിംഗ് ചികിത്സയാണണ് ലോകവ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ജനിച്ച് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം ഏകദേശം ഒന്നര മാസത്തോളം കാല്‍ പ്ലാസ്റ്ററിട്ട് നേരെയാക്കാന്‍ ശ്രമിക്കണം. കുട്ടിയുടെ കാല്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ ആഴ്ചയും പുതിയ പ്ലാസ്റ്ററാണ് ഇടേണ്ടത്. ഒന്നരമാസത്തിനു ശേഷം കാലുകള്‍ക്കു വന്നിട്ടുള്ള മാറ്റങ്ങള്‍ വിലയിരുത്തി അടുത്ത ഘട്ടത്തിലേക്കു കടക്കണം. കുതിഞരമ്പ് വിടുവിക്കല്‍ പ്രക്രിയ ആണ് അത് (ടെനോട്ടമി). തുടര്‍ന്നു നാലു വയസ്സു വരെ കാലില്‍ ബ്രേസ് ഇടണം. അതിനുശേഷം കാല്‍പൂര്‍ണമായും രോഗവിമുക്തമായിരിക്കും. ജന്മനാ ചികില്‍സ ലഭിക്കാതെ വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്കും പിന്നീട് ചികില്‍സിച്ചാല്‍ കുറയേറെ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles