ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍;
പ്രഖ്യാപനം പരിസ്ഥിതി ദിനത്തില്‍

കല്‍പറ്റ: സംസ്ഥാനത്തു ആദ്യമായി മെഡിക്കല്‍ കോളേജ് കാമ്പസില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങന്നു. വയനാട് മേപ്പാടി അരപ്പറ്റ നസീറ നഗറിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തിന്റെ സാങ്കേതിക പിന്തുണയോടെ ഉദ്യാനം ഒരുക്കുന്നത്. കാമ്പസിലെ മൂന്ന് ഏക്കര്‍ സ്ഥലമാണ് ഉദ്യാനത്തിനു ഉപയോഗപ്പെടുത്തുക. ഇതുസംബന്ധിച്ച പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ അഞ്ചിനു വൈകുന്നരം 5.30നു ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെയും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ നിര്‍വഹിക്കുമെന്നു കോളേജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.വാസിഫ് മായന്‍, എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം മേധാവി ഡോ.വി.ഷക്കീല, കോളേജ് എ.ജി.എം.ഡോ.ഷാനവാസ് പള്ളിയാല്‍, സീനിയര്‍ ലോ ഓഫീസര്‍ അഡ്വ.സലാസി കല്ലങ്കോടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ഡോ.മധുര സ്വാമിനാഥന്‍, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍, ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത, എം.എസ്.എസ്.ആര്‍.എഫ് സീനിയര്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അന്യംനില്‍ക്കുന്ന ഇനങ്ങളില്‍പ്പെട്ട വൃക്ഷലതാദികളുടെ സംരക്ഷണവും അവയെക്കുറിച്ചുള്ള അറിവ് വരും തലമുറയ്ക്കു പകരുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യാനം ഒരുക്കുന്നത്. നസീറ ഗാര്‍ഡന്‍സ് എന്നു നാമകരണം ചെയ്യുന്ന ഉദ്യാനത്തിനു ഹോര്‍തൂസ് മലബാറിക്കസ്, ക്ലൈമ്പര്‍ സോണ്‍, ആര്‍ബോറേട്ടം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ടാകും. ഹോര്‍ത്തൂസ് മലബാറിക്കസില്‍ ഔഷധ സസ്യങ്ങളാണ് നട്ടുപരിപാലിക്കുക, ക്ലൈമ്പര്‍ സോണില്‍ കുറ്റി-വള്ളിച്ചെടികളാണ് ഉണ്ടാകുക. പശ്ചിമഘട്ടത്തിലെ വംശനാശം നേരിടുന്നതടക്കം വൃക്ഷ ഇനങ്ങളും മറ്റുമാണ് മൂന്നാമത്തെ തത്തില്‍ നടുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്യാനം 2023ലെ പരിസ്ഥിതി ദിനത്തില്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. നട്ടുവളര്‍ത്തുന്നതിനുള്ള സസ്യങ്ങളും വൃക്ഷത്തൈകളും സ്വാമിനാഥന്‍ ഗവേഷണനിലയം ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഉദ്യാന പരിപാലനം നടത്തും. ഡോ.മൂപ്പന്‍സ് അക്കാദമിക്കു കീഴിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനും കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യാനം മുതല്‍ക്കൂട്ടാകുമെന്നു ഡോ.വാസിഫ് മായന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles