കൈവശ ഭൂമിക്കു പട്ടയമില്ല;
അനിശ്ചിതകാല കിടപ്പുസമരവുമായി വയോധികന്‍

കല്‍പറ്റ-നാലു പതിറ്റാണ്ടിലധികമായി കൈവശത്തിലുള്ള ഭൂമിക്കു പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയോധികന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല കിടപ്പുസമരം തുടങ്ങുന്നു. വയനാട്ടിലെ കുറുമ്പാലക്കോട്ടയില്‍ താമസിക്കുന്ന കളപ്പുരയ്ക്കല്‍ രാമഭദ്രന്റേതാണ്(74) 16 മുതല്‍ കോട്ടത്തറ വില്ലേജ് ഓഫീസ് പടിക്കല്‍ കിടപ്പുസമരം നടത്താനുള്ള തീരുമാനം. സമരത്തിനു പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരായ ഗഫൂര്‍ വെണ്ണിയോട്, ടി.യു.സഫീര്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടത്തറ വില്ലേജില്‍ പുതിയ സര്‍വേ നമ്പര്‍ 50/1ല്‍ രണ്ടര ഏക്കര്‍ ഭൂമിയാണ് രാമഭദ്രന്റെ കൈവശം. കുറമ്പാലക്കോട്ടയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമിയുടെ ഭാഗമാണിത്. ഈ സ്ഥലം 80 സെന്റ് വീതം 40 ഓളം ഭൂരഹിതര്‍ക്കു പതിച്ചുനല്‍കിയെങ്കിലും ആരും താമസത്തിനു എത്തിയില്ല. വഴി, വെള്ളം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു മലമുകളിലെ ഭൂമിയില്‍ കുടുംബങ്ങള്‍ താമസത്തിനു എത്താതിരുന്നതിനു കാരണം. 1979ലാണ് രാമഭദ്രനും മറ്റു മൂന്നു പേരും ഈ ഭൂമിയുടെ ഒരു ഭാഗം കൈയേറി താമസവും കൃഷിയും തുടങ്ങിയത്. കൈവശഭൂമിക്കു പട്ടയം നേടുന്നതിനു രാമഭദ്രനും മറ്റു കൈവശക്കാരും 1980 മുതല്‍ നടത്തിവരുന്ന ശ്രമമാണ് ഇനിയും ലക്ഷ്യം കാണാത്തത്. രാമഭദ്രനും മറ്റു കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നു സ്ഥല സന്ദര്‍ശനം നടത്തിയ റവന്യൂ അധികാരികളും ജനപ്രതിനിധികളും ഉറപ്പുനല്‍കിയതാണ്. ഉദ്യോഗസ്ഥര്‍ കടലാസ്പണികളും കുറെ നീക്കി. ഇതിനിടെയാണ് ചെങ്ങറ ഭൂസമരക്കാരില്‍ 30 പേര്‍ക്കായി കുറുമ്പാലക്കോട്ടയില്‍ സര്‍ക്കാര്‍ ഏഴര ഏക്കര്‍ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്നു മനസ്സിലാക്കി ഈ കുടുംബങ്ങളും കുറുമ്പാലക്കോട്ടയില്‍ വാസത്തിനെത്തിയില്ല. കുറുമ്പാലക്കോട്ടയില്‍ ചെങ്ങറ ഭൂമസരക്കാര്‍ക്കു അനുവദിച്ചതില്‍ ഉള്‍പ്പെടുന്നതാണ് രാമഭദ്രന്റെ കൈവശമുള്ള സ്ഥലമെന്ന നിലപാടിലാണ് ഇപ്പോള്‍ അധികാരികള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും വില്ലേജ് രേഖകള്‍ വിശദമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാമഭദ്രന്‍ പറയുന്നു.
കാപ്പിയും കുരുമുളകും ഉള്‍പ്പെടെ ദീര്‍ഘകാല വിളകളും ഉള്ളതാണ് രാമഭദ്രന്റെ കൈവശഭൂമി. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. അഞ്ചു വര്‍ഷം മുമ്പ് ഭാര്യ മരിച്ച ഇദ്ദേഹത്തിനു മക്കളില്ല. താനും ഭാര്യയും പ്രതികൂല സാഹചര്യങ്ങോടു മല്ലടിച്ചും വര്‍ഷങ്ങളോളം വിയര്‍പ്പു ചിന്തിയും കൃഷിയിടമാക്കിയ ഭൂമിക്കു പട്ടയം എന്നതു ജീവിത സായാഹ്‌നത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്നു രാമഭദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles