ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണം ഇന്ന്

ഗോത്ര പൈതൃക ഗ്രാമത്തില്‍ സന്ദര്‍ശകരെ പരിചയപ്പെടുത്തുന്നതിനായി നിര്‍മിച്ച പരമ്പരാഗത വീടുകള്‍.

വൈത്തിരി: വയനാട്ടിലെ വൈത്തിരി പഞ്ചായത്തില്‍പ്പെട്ട പൂക്കോട് പട്ടികവര്‍ഗ വികസന വകുപ്പ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴില്‍ നടപ്പിലാക്കുന്ന ഗോത്ര പൈതൃക ഗ്രാമം(എന്‍ ഊര്) പദ്ധതി സമര്‍പ്പണവും രണ്ടാം ഘട്ടം ഉദ്ഘാടനവും ഇന്നു രാവിലെ 11നു നടത്തും. പദ്ധതി സമര്‍പ്പണം പട്ടികവര്‍ഗ വികസന മന്ത്രി കെ.രാധാകൃഷ്ണനും രണ്ടാം ഘട്ടം ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും നിര്‍വഹിക്കും. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനില്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്‍മാരെ ആദരിക്കലും ജില്ലാ നിര്‍മിതി കേന്ദ്രയ്ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ധരെയും എന്‍ ഊര് ആര്‍ക്കിടെക്ടുകളെയും മന്ത്രി മുഹമ്മദ് റിയാസും എന്‍ ഊര് സി.എസ്.ആര്‍ ഫണ്ട് സപ്പോര്‍ട്ടേഴ്‌സിനെ ടി.സിദ്ദീഖ് എം.എല്‍.എയും ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത, സൊസൈറ്റി പ്രസിഡന്റ് ആര്‍.ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍, കെ.സി.ഡബ്ല്യു.എഫ്.ബി വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ തുടങ്ങിയവര്‍ പ്രസംഗിക്കും.
പദ്ധതി സമര്‍പ്പണത്തോടനുബന്ധിച്ചു മഴക്കാഴ്ച എന്ന പേരില്‍ നടത്തുന്ന ദ്വിദിന മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന-വിപണന-ഭക്ഷ്യ-കലാമേള ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയയുടെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. രണ്ടു ദിവസവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശനം ഉണ്ടാകും.
ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനു നടപ്പിലാക്കുന്നതാണ് ഗോത്ര പൈതൃക ഗ്രാമം പദ്ധതി. പൂക്കോട് പട്ടികവര്‍ഗ വികസന വകുപ്പിന്റെ കൈവശമുള്ളതില്‍ 25 ഏക്കറാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്.
ഗോത്ര വിഭാഗങ്ങള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍, വന വിഭവങ്ങള്‍, പാരമ്പരാഗത കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉല്‍പന്നങ്ങള്‍, ഔഷധ ചെടികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമുള്ള ഗോത്ര വിപണി, ഗോത്ര കലകളുടെ അവതരണത്തിനുള്ള ഓപന്‍ എയര്‍ തിയറ്റര്‍, വംശീയ ഭക്ഷണശാല, ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് തുടങ്ങിയവ ഗോത്ര പൈതൃക ഗ്രാമത്തിന്റെ ഭാഗമാണ്. കുട്ടികളുടെ പാര്‍ക്ക്, ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്വേ, ആദിവാസി ജീവിത ചാരുതകളും ചരിത്രങ്ങളും നാള്‍ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്‍മാരുടെ പണിശാല എന്നിവയും ഗ്രാമത്തില്‍ സജ്ജമാക്കും.
ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് ഗോത്ര പൈതൃക ഗ്രാമത്തില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം. ആദ്യ രണ്ട് ആഴ്ച പ്രവേശനം സൗജന്യമാണ്. ഗ്രാമത്തില്‍ അതിഥികള്‍ക്കു രാത്രി തങ്ങുന്നതിനു സൗകര്യം ഉണ്ടാകില്ല.
വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ ഊരു മൂപ്പന്‍മാരാണ് എന്‍ ഊര് സൊസൈറ്റിയിലെ അംഗങ്ങള്‍. സൊസൈറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും പൈതൃക ഗ്രാമം പ്രവര്‍ത്തനം. പ്രവേശന ടിക്കറ്റ് നിരക്ക് പിന്നീട് തീരുമാനിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles